ആ അച്ഛനെ മകൻ ഉപേക്ഷിച്ചതല്ല; വൈറൽ ചിത്രത്തിന് പിന്നിലെ യഥാർത്ഥ കഥ

ആതുരാലയത്തിലാക്കി ഓട്ടോറിക്ഷയിൽ മടങ്ങുന്ന മകനെ നോക്കി നിൽക്കുന്ന അച്ഛന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കുറ്റപ്പെടുത്തലുകൾ നിറഞ്ഞ കമന്റുകൾക്കും ആക്ഷേപങ്ങൾക്കുമപ്പുറം നിസഹായനായ മകന്റെയും അച്ഛന്റെയും കഥ ആരും അന്വേഷിച്ചില്ല. എന്നാൽ സത്യത്തിൽ എന്താണ് പത്തനംതിട്ട സ്വദേശി സുകുമാരന്റെ ജീവിതത്തിൽ സംഭവിച്ചത് ?
ആതുരാലയത്തിന്റെ അഴികളിൽ പിടിച്ച് യാത്രയാകുന്ന മകനെ നോക്കി നിൽക്കുന്ന അച്ഛനായുള്ള ട്വന്റിഫോർ സംഘത്തിന്റെ അന്വേഷണം ചെന്നെത്തിയത് പത്തനംതിട്ട തുമ്പമണ്ണിലെ ബത്‌സേഥ ഹോമിലാണ്. തണ്ണിത്തോട് സ്വദേശിയായ എൺപത്തിയേഴുകാരൻ സുകുമാരൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടെയെത്തിയത്. ഭാര്യ മരിച്ചു പോയ വ്യക്തിയാണ് സുകുമാരൻ. വയസ് 87 ആയി.

തൃശൂരിൽ ടാപ്പിംഗ് തൊഴിലാളിയായ മകൻ ജൊലി ഉപേക്ഷിച്ചാൽ സുകുമാരന്റെ മരുന്നും ഭക്ഷണവും മുടങ്ങും. മലയോര മേഖലയായ തണ്ണിത്തോട്ടിലെ വീട്ടിൽ അച്ഛനെ ഒറ്റക്കാക്കാനും ആവില്ല. പൊലീസും നാട്ടുകാരും നിർദേശിച്ചത് അനുസരിച്ചാണ് സുകുമാരനെ ആതുരാലയത്തിൽ എത്തിച്ചത്.

ബത്‌സേഥ ഹോമിന്റെ ഡയറക്ടർ ഫാ. സന്തോഷ് ജോർജാണ് മകന്റെയും അച്ഛന്റെയും വൈകാരിക നിമിഷം മൊബൈലിൽ പകർത്തിയത്. നിസഹായമായ ജീവിതാവസ്ഥയിലെ രണ്ട് മനുഷ്യരുടെ ചിത്രം സമൂഹത്തിനേറെ ചിന്തിക്കാനുള്ളതാണെന്ന തോന്നലിൽ ഫേസ്ബുക്കിൽ പങ്കുവച്ചു.
സദുദ്ദേശത്തോടെ പങ്കുവച്ച ചിത്രം വളച്ചൊടിക്കപ്പെട്ടതിന്റെ വിഷമമുണ്ടിവർക്ക്. ആരോ ഏതോ പ്രൊഫൈലിൽ നിന്ന് കുറിച്ച കുത്തുവാക്കുകൾ കഥയറിയാതെ പലരും പങ്കുവച്ചപ്പോൾ നിസഹായരായ ഈ മനുഷ്യനും മകനും ഇരട്ടിവേദനയായി.
Read Also : ഒറിജിനലിനെ വെല്ലുന്ന അനുകരണം ! സിനിമാ രംഗങ്ങൾ അനുകരിച്ച് കുട്ടികൾ വൈറൽ
മകന് വന്നപ്പോഴേ താൻ കാര്യങ്ങൾ വ്യക്തമായി ചോദിച്ചിരുന്നുവെന്ന് വൈദികൻ ട്വന്റിഫോറിനോട് പറഞ്ഞു. എന്നാൽ മകൻ അനുഭവിക്കുന്ന കഷ്ടതകൾ മനസിലാക്കിയാണ് പിതാവിനെ സ്വകീരിച്ചതെന്ന് വൈദികൻ വ്യക്തമാക്കി.
സുകുമാരൻ ചേട്ടൻ ബത്‌സേഥയിൽ സന്തോഷവാനാണ്. അച്ഛൻ സുരക്ഷിതനെന്ന സമാധാനത്തിൽ മകനും.
Story Highlights: father old age home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here