Advertisement

കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ ശമ്പളകുടിശിക; കർശന നടപടിയുമായി പട്ടികജാതി പട്ടിക വർഗ കമ്മിഷൻ

August 2, 2021
Google News 2 minutes Read
kottathara tribal hospital salary

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ താൽക്കാലിക ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളം മുടങ്ങിയതിൽ കർശന നടപടിയുമായി പട്ടികജാതി പട്ടിക വർഗ കമ്മിഷൻ. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ ആദിവാസി വിഭാഗങ്ങളിൽ നിന്നടക്കമുള്ളവർക്ക് വേതനം ലഭ്യമാക്കി റിപ്പോർട്ട് കൈമാറാൻ കമ്മിഷൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. ട്വൻറിഫോർ ഇംപാക്ട്. (kottathara tribal hospital salary)

ആദിവാസി വിഭാഗങ്ങളിൽ നിന്നടക്കമുള്ള 140 താൽക്കാലിക ജീവനക്കാർക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലെന്ന വാർത്ത ട്വൻറി ഫോർ പുറത്തുവിട്ടത് ഇന്നലെയാണ്. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി നിയമിച്ച ജീവനക്കാർക്കാണ് ശമ്പളം ലഭിക്കാത്തത്. വിഷയത്തിൽ കർശന നടപടിയാണ് പട്ടികജാതി പട്ടികവർഗ കമ്മിഷൻ സ്വീകരിച്ചിരിക്കുന്നത്. നിർദ്ധനരായ ആദിവാസികളെ നിയമിക്കുമ്പോൾ തന്നെ ആരോഗ്യവകുപ്പ് ശമ്പളം ഉറപ്പാക്കേണ്ടതായിരുന്നു. പുറമെ നിന്ന് ഒരു സഹായവും ലഭ്യമാകാൻ ഇടയില്ലാത്ത ഇവർക്ക് മൂന്ന് മാസമായി ശമ്പളം നൽകാത്തത് ഗുരുതരസാഹചര്യമാണെന്ന് കമ്മിഷൻ വിലയിരുത്തി. ഒരാഴ്ചയ്ക്കകം ഇവർക്ക് വേതനം നൽകണമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്കും ഡിഎംഒയ്ക്കും കമ്മിഷൻ നിർദേശം നൽകി. പ്രശ്നപരിഹാരം കാണുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം 24നോട് പറഞ്ഞിരുന്നു. ഫണ്ട് അനുവദിക്കാൻ ധനകാര്യവകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ധനകാര്യമന്ത്രിയെ നേരിൽ കാണുമെന്നുമായിരുന്നു വീണാ ജോർജിൻറെ പ്രതികരണം.

Read Also: കോട്ടത്തറ ട്രൈബൽ ആശുപത്രി ജീവനക്കാരുടെ ശമ്പളകുടിശിക; ഇടപെട്ട് ആരോഗ്യ മന്ത്രി; 24 ഇംപാക്ട്

ഈ പ്രതിസന്ധിക്കാലത്ത് വേതനം പോലുമില്ലാതെ തൊഴിലെടുക്കേണ്ടിവരുന്ന ആദിവാസി വിഭാഗത്തിലടക്കമുള്ളവർക്ക് ആശ്വാസം പകരുന്നതാണ് എസ് സി എസ്ടി കമ്മിഷൻറെ നടപടി. കമ്മിഷൻറെ നിലപാടോടെ വിഷയത്തിൽ പരിഹാരമുണ്ടാകുമെന്നാണ് കോട്ടത്തറ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരുടെ പ്രതീക്ഷ.

2017 മെയ് 27നാണ് അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ നൂറ് കിടക്കകൾ കൂടി പൂർത്തീകരിച്ചുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ ആകെ 170 കിടക്കകൾ ആശുപത്രിയിലുണ്ട്. എന്നാൽ രോഗികൾക്ക് ആനുപാതികമായി ഇതുവരെ നിയമനങ്ങൾ നടന്നിട്ടില്ല. തുടക്കത്തിലുണ്ടായിരുന്ന 54 കിടക്കകൾക്ക് അനുസൃതമായ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴുമുള്ളത്. 325 ജീവനക്കാരിൽ പിഎസ്‌സി വഴി 69 പേർക്ക് മാത്രമാണ് നിയമനം കിട്ടിയത്. ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് നിയമിതരായ ജീവനക്കാർക്കാണ് ശമ്പളം കിട്ടാക്കനി ആയിരിക്കുന്നത്. ഈ റിപ്പോർട്ടിന്മേലാണ് ആരോഗ്യ മന്ത്രിയുടെ ഇടപെടൽ.

Story Highlights: kottathara tribal hospital salary issue update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here