Advertisement

കോട്ടത്തറ ട്രൈബൽ ആശുപത്രി ജീവനക്കാരുടെ ശമ്പളകുടിശിക; ഇടപെട്ട് ആരോഗ്യ മന്ത്രി; 24 ഇംപാക്ട്

August 1, 2021
Google News 1 minute Read

പാലക്കാട് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി ജീവനക്കാരുടെ ശമ്പളകുടിശിക സംബന്ധിച്ച ട്വന്റിഫോർ വാർത്തയിൽ ഇടപെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൊവിഡ് സാഹചര്യത്തിലാണ് ആശുപത്രിയുടെ വരുമാനം നിലച്ചതെന്ന് മന്ത്രി പറഞ്ഞു. 140 ജീവനക്കാർക്ക് ശമ്പളം നൽകാൻ പ്രതിമാസം 18 ലക്ഷം രൂപ ആവശ്യമുണ്ടെന്നും ധനകാര്യ വകുപ്പുമായി ഇക്കാര്യം സംസാരിച്ചുവെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണുമെന്നും വീണ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.

കൊവിഡ്കാല പ്രതിസന്ധി അതിരൂക്ഷമായി ബാധിച്ച ആരോഗ്യപ്രവർത്തകരെ കുറിച്ചുള്ള റിപ്പോർട്ട് ട്വന്റിഫോറിന്റെ ‘പൂട്ടിപ്പോയ ജീവിതങ്ങൾ’ എന്ന പരമ്പരിയിൽ ഉൾപ്പെടുത്തിയിരുന്നു. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഹോസ്പിറ്റൽ മാനേജ്‌മെന്റ് നിയമിച്ച 140 താത്ക്കാലിക ജീവനക്കാർക്കാണ് മൂന്നുമാസമായി ശമ്പളം ലഭിക്കാത്തത്. കൊവിഡ് ഐസിയുവിലടക്കം ജോലി ചെയ്യുന്നവർക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നത്.

അട്ടപ്പാടിയിൽ ശമ്പളം മുടങ്ങിയ ഭൂരിഭാഗം ആരോഗ്യപ്രവർത്തകരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ആശുപത്രിയുടെ സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിന് ആശുപത്രി സൂപ്രണ്ട് അപേക്ഷ നൽകിയിരുന്നു.

Read Also: ശമ്പളമില്ല; ദുരിതത്തിലായി അട്ടപ്പാടിയിലെ ആരോഗ്യപ്രവര്‍ത്തകര്‍: ട്വന്റിഫോര്‍ പരമ്പര തുടരുന്നു

2017 മെയ് 27നാണ് അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ നൂറ് കിടക്കകൾ കൂടി പൂർത്തീകരിച്ചുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ ആകെ 170 കിടക്കകൾ ആശുപത്രിയിലുണ്ട്. എന്നാൽ രോഗികൾക്ക് ആനുപാതികമായി ഇതുവരെ നിയമനങ്ങൾ നടന്നിട്ടില്ല. തുടക്കത്തിലുണ്ടായിരുന്ന 54 കിടക്കകൾക്ക് അനുസൃതമായ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴുമുള്ളത്. 325 ജീവനക്കാരിൽ പിഎസ്‌സി വഴി 69 പേർക്ക് മാത്രമാണ് നിയമനം കിട്ടിയത്. ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് നിയമിതരായ ജീവനക്കാർക്കാണ് ശമ്പളം കിട്ടാക്കനി ആയിരിക്കുന്നത്. ഈ റിപ്പോർട്ടിന്മേലാണ് ആരോഗ്യ മന്ത്രിയുടെ ഇടപെടൽ.

Story Highlights: 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here