Advertisement

ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ്; ആതിഥേയർക്ക് രണ്ട് വിക്കറ്റ് നഷ്ടം

August 4, 2021
Google News 2 minutes Read
england wickets india test

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് മോശം തുടക്കം. മത്സരത്തിൻ്റെ ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആതിഥേയർക്ക് രണ്ട് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. റോറി ബേൺസ്, സാക്ക് ക്രോളി എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ പുറത്തായത്. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. (england wickets india test)

ആദ്യ ഓവറിൽ തന്നെ ഇന്ത്യ വിക്കറ്റ് വീഴ്ത്തി. ബുംറ എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ ബേൺസ് (0) വിക്കറ്റിനു മുന്നിൽ കുരുങ്ങി. രണ്ടാം വിക്കറ്റിൽ ഡോമിനിക് സിബ്ലി-സാക്ക് ക്രൗളി സഖ്യം 42 റൺസ് കൂട്ടുകെട്ടുയർത്തി. 21ആം ഓവറിൽ മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. ക്രോളിയെ സിറാജ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സിബ്ലി- ജോ റൂട്ട് സഖ്യം വലിയ നഷ്ടങ്ങളില്ലാതെ സ്കോർ മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് ഇതുവരെ 19 റൺസാണ് കൂട്ടിച്ചേർത്തിട്ടുള്ളത്. സിബ്ലി (18), റൂട്ട് (12) എന്നിവർ ക്രീസിൽ തുടരുകയാണ്.

Read Also: ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ബാറ്റിംഗ്; ഇന്ത്യൻ ടീമിൽ അശ്വിൻ ഇല്ല; നാല് പേസർമാർ

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ സ്പിന്നർ ആർ അശ്വിനെ ഇന്ത്യ പുറത്തിരുത്തിയത് അതിശയമായി. നാല് പേസർമാരുമായാണ് ഇന്ത്യ ഇറങ്ങുക. രവീന്ദ്ര ജഡേജയാണ് ടീമിലെ സ്പിന്നർ.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ എന്നിവർ പേസർമാരായി ടീമിലെത്തി. പ്രതീക്ഷിച്ചതുപോലെ ലോകേഷ് രാഹുൽ രോഹിത് ശർമ്മക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഇംഗ്ലണ്ട് നിരയിൽ സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സണും കളിക്കും. ജാക്ക് ലീച്ചിന് സ്ഥാനം നഷ്ടമായി. സാം കറൻ ടീമിൽ തിരികെയെത്തി. സന്നാഹ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ ഹസീബ് ഹമീദിനെ ഇംഗ്ലണ്ട് പരിഗണിച്ചില്ല.

നേരത്തെ, ഇന്ത്യൻ വാലറ്റം ബാറ്റിംഗ് പരിശീലിക്കുന്നുണ്ടെന്ന് ഉപനായകൻ അജിങ്ക്യ രഹാനെ വ്യക്തമാക്കിയിരുന്നു. വാലറ്റം ചേർന്ന് 20-30 റൺസുകൾ എടുത്താൽ തന്നെ വലിയ മാറ്റമുണ്ടാവുമെന്നും അങ്ങനെ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും രഹാനെ വ്യക്തമാക്കി

Story Highlights: england lost 2 wickets india test match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here