Advertisement

ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ സ്വര്‍ണത്തിളക്കവുമായി അമേരിക്കന്‍ ആധിപത്യം

August 8, 2021
Google News 2 minutes Read
tokyo olympics winner

ടോക്യോ ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ അമേരിക്കന്‍ ആധിപത്യം. 39 സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടെ 113 മെഡലുകളാണ് അമേരിക്ക നേടിയത്. 38 സ്വര്‍ണമുള്‍പ്പെടെ 88 മെഡലുകള്‍ സ്വന്തമാക്കിയ ചൈനയാണ് മെഡല്‍ പട്ടികയില്‍ രണ്ടാമത്. ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഏഴ് മെഡലുകളോടെ ഇന്ത്യ 48ാം സ്ഥാനത്തെത്തി. ഒരു സ്വര്‍ണമുള്‍പ്പെടെ നേടിയാണ് ഇന്ത്യ ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിലും ചരിത്രം കുറിച്ചത്.(tokyo olympics winner)

ടോക്യോയിലെ അത്ഭുതങ്ങള്‍ക്ക് തിരശ്ശീല വീഴുമ്പോള്‍ കൊടിയേറുമ്പോഴുണ്ടായ ആവേശത്തിന് ഒട്ടും കുറവില്ല. കായിക ലോകം പ്രതീക്ഷിച്ചതുപോലെ ഫോട്ടോഫിനിഷ് പോരാട്ടത്തിലൂടെ അമേരിക്ക ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. അവസാന ദിനത്തില്‍ വനിതകളുടെ ബാസ്‌കറ്റ്‌ബോളിലും വോളിബോളിലുമുള്‍പ്പെടെ അമേരിക്ക മൂന്ന് സ്വര്‍ണം നേടി. ആകെ 39 സ്വര്‍ണത്തിനൊപ്പം 41 വെള്ളിയും 33 വെങ്കലവും അമേരിക്കയ്ക്ക് സ്വന്തം. 32 വെള്ളിയും 18 വെങ്കലവും 38 സ്വര്‍ണവും ചൈനയും നേടി.

ഇത്തവണ ഒളിമ്പിക്‌സ് ഇന്ത്യക്ക് നല്‍കിയത് ചരിത്രത്തില്‍ രേഖപ്പെടുത്തിയ നീരജ് ചോപ്രയുടെ സ്വര്‍ണമാണ്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവാണ് നീരജ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് 47 വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1900ല്‍ നടന്ന പാരിസ് ഒളിമ്പിക്‌സിലാണ് ഇന്ത്യ ആദ്യമായി ഒളിമ്പിക്‌സ് അത്ലറ്റിക്‌സില്‍ മെഡല്‍ നേടുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഭാവി ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കി പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനല്‍സില്‍ രാജ്യത്തിന് സ്വര്‍ണം. ഫൈനല്‍സില്‍ രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ ത്രോ പായിച്ച് 23കാരനായ നീരജ് ചോപ്ര സ്വതന്ത്ര ഇന്ത്യക്ക് ആദ്യ അത്ലറ്റിക്‌സ് മെഡല്‍ നേടിക്കൊടുത്തു.

ഒളിമ്പിക്‌സിലെ ആദ്യദിനത്തില്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ മീരാഭായി ചാനുവാണ് മെഡല്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ചാനുവിന് ശേഷം പി വി സിന്ധുവിന്റെ വിജയം. വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ചൈനയെ തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം നേടിയത്. ഇതോടെ തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സുകളില്‍ നിന്നും മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം ബഹുമതി സിന്ധുവിനൊപ്പം. 2016 റിയോ ഒളിമ്പിക്‌സില്‍ താരം വെള്ളി സ്വന്തമാക്കിയിരുന്നു.

ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ലോവ്ലിന ബോര്‍ഗൊഹെയിന്‍, വിജേന്ദര്‍ സിംഗിനും മേരി കോമിനും ശേഷം മെഡല്‍ നേടുന്ന മൂന്നാമത്തെ താരമാണ്.

പുരുഷന്മാരുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദാഹിയ, ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ വെള്ളി മെഡല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്.


ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തകര്‍ത്താണ് വെങ്കലം സ്വന്തമാക്കിയത്. 41 വര്‍ഷത്തിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് രാജ്യത്തിന് സമ്മാനിച്ചത്.

Read Also: ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം; അത്‌ലറ്റിക്സിൽ ചരിത്രത്തിലാദ്യ മെഡൽ

സെമിയില്‍ പരാജയപ്പെട്ടെങ്കിലും ഒളിംപിക്‌സിലെ ഗുസ്തി ഗോദയില്‍ വെങ്കല പ്രതീക്ഷയുമായി കയറിയ ബജ്രംഗ് പൂനിയയും രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. അരങ്ങേറ്റ ഒളിമ്പിക്‌സില്‍ തന്റെ ആദ്യ മെഡസാണ് പൂനിയ വെങ്കലത്തോടെ കരസ്ഥമാക്കിയത്.

Story Highlight: tokyo olympics winner, america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here