ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നത്; നടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്‌മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൻ്റെ ചികിത്സാ ചെലവിനായി നീക്കി വച്ച തുകയിൽ നിന്നും കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഏവർക്കും മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് നടി ശരണ്യ ശശി അന്തരിച്ചത്. തിരുവനന്തപുരത്തെ പി.ആർ.എസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് 11 തവണ ശരണ്യ സർജറിക്ക് വിധേയായിരുന്നു. തുടർ ചികിത്സയ്ക്ക് തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയ്ക്കും കൊവിഡ് ബാധിച്ചു. കൊവിഡ് മാറിയെങ്കിലും ന്യുമോണിയ പിടികൂടി. ഇതോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയിൽ നിന്ന് മുക്തയായ ശരണ്യ നീട്ടിൽ തിരിച്ചെത്തി. പിന്നീട് രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.
Story Highlight: cm saranya death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here