കരുവന്നൂർ ബാങ്കിലെ ക്രമക്കേടിനെതിരായ നടപടി: വിശദീകരണവുമായി സഹകരണ വകുപ്പ് സെക്രട്ടറി

കരുവന്നൂർ ബാങ്കിലെ ക്രമക്കേടിനെതിരായ നടപടിയിൽ വിശദീകരണവുമായി സഹകരണ വകുപ്പ് സെക്രട്ടറി. ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയെ അകാരണമായി നടപടിക്ക് വിധേയമാക്കിയെന്നത് തെറ്റാണെന്ന് സഹകരണ വകുപ്പ് സെക്രട്ടറി. . ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തത് കൃത്യനിർവഹണത്തിലെ വീഴ്ചയെ തുടർന്ന്. 2016-17, 2017-18 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ അപാകതകളില്ല. 2014-15 മുതൽ ബാങ്കിൽ ക്രമക്കേട് നടന്നെന്നും സഹകരണ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളിൽ ഒരാളായ കിരണിന്റെ ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത്. ക്രൈം ബ്രാഞ്ചാണ് റെയ്ഡ് നടത്തിയത്. കിരണിന് കൂടുതൽ നിക്ഷേപമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ . നിരവധി കമ്പനികൾ തുടങ്ങിയതിന്റെ രേഖകൾ ഫ്ളാറ്റിൽ നിന്ന് പിടിച്ചെടുത്തിരുന്നു. കരുവന്നൂർ ബാങ്കിൽ കിരണിന് മാത്രം 33.29 ൽ അധികം കോടിയുടെ ബാധ്യതയുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. 46 ക്രെഡിറ്റുകളും പോയത് കിരണിന്റെ അക്കൗണ്ടിലേക്കാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ, കിരണിനെ ഇതുവരെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇയാൾ സംസ്ഥാനത്തിന് പുറത്ത് കടന്നു എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ രാജ്യം വിട്ടിട്ടില്ല എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
Read Also : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; കിരണിന്റെ ഫ്ലാറ്റിൽ റെയ്ഡ്
കരുവന്നർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളുടെ പേരിലുള്ള ഭൂമി കണ്ടെത്താൻ അന്വേഷണ സംഘം രജിസ്ട്രേഷൻ ഐജിക്ക് കത്തു നൽകിയിരുന്നു. പ്രതികളുടെയും ബന്ധുക്കളുടെയും പേരിലുള്ള സംസ്ഥാനത്തെ എല്ലാ വസ്തു ഇടപാടുകളും കണ്ടെത്തുന്നതിനായാണ് നടപടി.
കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിലൂടെ സമ്പാദിച്ച പണം പ്രതികൾ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് വ്യാപകമായി ഉപയോഗിച്ചു എന്ന് കണ്ടെത്തിയിരുന്നു. റിസോട്ട് ഇടപാടിന് ഉൾപ്പെടെ 5 സ്ഥാപനങ്ങളിലായാണ് പ്രതികൾ പണം പ്രധാനമായും ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇവയെല്ലാം പരിശോധിച്ചുവരുകയാണ്. ഇത് കൂടാതെ പ്രതികളുടെ പേരിലും ബന്ധുക്കളുടെയും, ബിനാമികളുടെയും പേരിലും വസ്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇത്തരത്തിൽ വാങ്ങി കൂട്ടിയ വസ്തുക്കൾ എവിടെയെല്ലാമാണ് എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് രജിസ്ട്രേഷൻ ഐജിക്ക് അന്വേഷണ സംഘം കത്തുനൽകിയിരിക്കുന്നത്. പ്രതികളുടെയും, ബന്ധുക്കളുടെയും, ബിനാമി ഇടപാടുകൾ സംശയിക്കുന്നവരുടെയും പേരിലുള്ള കേരളത്തിലെ എല്ലാ വസ്തുക്കളുടെയും വിവരങ്ങൾ ശേഖരിക്കും.
Story Highlight: Co-operation Secretary’s explanation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here