Advertisement

മലപ്പുറത്ത് സദാചാര പൊലീസിന്റെ ആക്രമണത്തിന് ഇരയായ അധ്യാപകൻ ജീവനൊടുക്കി

August 14, 2021
Google News 1 minute Read
Moral Policing in Malappuram

മലപ്പുറത്ത് സദാചാര പൊലീസ് വീട്ടിൽ കയറി ആക്രമിച്ച അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ. സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകനാണ് മനംനൊന്ത് ജീവനൊടുക്കിയിരിക്കുന്നത്. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്‍റെ കലാസംവിധായകനായിരുന്നു. മലപ്പുറത്തെ സാംസ്കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവർത്തകനുമായിരുന്നു സുരേഷ്.

Read Also : എം.എസ്.എഫ്. ഹരിത നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ച് മുസ്ലിം ലീഗ് നേതൃത്വം

ഒരു സ്ത്രീയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് ഒരു സംഘമാളുകൾ രണ്ട് ദിവസം മുമ്പ് സുരേഷിനെ ആക്രമിച്ചത്. സുരേഷിന്‍റെ സുഹൃത്തായിരുന്നു ഈ സ്ത്രീ. സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നിൽ വച്ചാണ് അക്രമിസംഘം സുരേഷിനെ മർദ്ദിച്ചത്. അക്രമിസംഘം അസഭ്യവർഷവും സുരേഷിന് നേരെ നടത്തിയെന്നാണ് വിവരം. സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്‍റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ് എന്നാണ് കൂട്ടുകാർ അടക്കമുള്ളവർ പറയുന്നത്. അപമാനം താങ്ങാനാവാതെയാണ് ആത്മഹത്യാ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇന്ന് രാവിലെയാണ് വീട്ടിനുള്ളിൽ സുരേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുരേഷ് ചാലിയത്തിന്‍റെ നിര്യാണത്തിൽ സമൂഹമാധ്യമങ്ങളിൽ അനുശോചനപ്രവാഹമാണ്.

സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യാനൊരുങ്ങുകയാണ്.

Story Highlight: Moral Policing in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here