Advertisement

സീറോ മലബാർ സഭാ സിനഡിന് ഇന്ന് തുടക്കം

August 16, 2021
Google News 1 minute Read
syro malabar synod

സീറോ മലബാർ സഭാ സിനഡിന് ഇന്ന് തുടക്കം. ആരാധനക്രമം ഏകീകരണം സംബന്ധിച്ച തർക്കത്തിനിടെ മാർപ്പാപ്പയുടെ ഉത്തരവ് നടപ്പാക്കുന്ന തീയതിയിൽ തീരുമാനമുണ്ടാകും. സഭാ തലവനെതിരായ ഭൂമി ഇടപാടിലെ കോടതി നടപടിയും ചർച്ചയായേക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ 61 മെത്രാന്മാർ പങ്കെടുക്കുന്ന സിനഡ് ഈ മാസം 27 വരെ നീണ്ടുനിൽക്കും.

സഭാ തലവനെതിരായ ഭൂമി ഇടപാടിലെ കോടതി നടപടി, ആരാധനക്രമ ഏകീകരണത്തിലെ തർക്കം എന്നിവ സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് സീറോ മലബാർ സഭാ സിനഡ് ചേരുന്നത്. പുതിയ കുർബ്ബാന ക്രമത്തിന് മാർപാപ്പ അംഗീകാരം നൽകിയതോടെ ഇത് നടപ്പാക്കുന്ന തീയതി സംബന്ധിച്ച് തീരുമാനമുണ്ടാകും.

1999ലെ സിനഡ് തീരുമാനം എല്ലാ രൂപതകളും പ്രാബല്യത്തിൽ വരുത്തണമെന്ന് മാർപ്പാപ്പയുടെ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും എറണാകുളം – അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദീകർ നടപ്പാക്കില്ലെന്ന നിലപാടിലാണ്. തീരുമാനം അടിച്ചേല്പിക്കരുതെന്ന് ആവശ്യപ്പെട്ട് മാർപ്പാപ്പയ്ക്കും പൗരസ്ത്യ തിരുസംഘത്തിനും സഭാ സിനഡിനും 466 വൈദികർ ഒപ്പിട്ട് നിവേദനം നൽകിയിട്ടുണ്ട്. ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ സിനഡ് തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് സഭാ വൃത്തങ്ങൾ നൽകുന്ന സൂചന. മാർപ്പാപ്പയുടെ ഉത്തരവ് നടപ്പാക്കാത്ത വൈദീകർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ലിറ്റർജിക്കൽ കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ മുന്നറിയിപ്പ് നൽകി.

Read Also : സീറോ മലബാർ സഭ ആരാധനക്രമം ഏകീകരിക്കും; പുതിയ കുർബ്ബാന ക്രമത്തിന് മാർപാപ്പയുടെ അംഗീകാരം

വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട്​ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരി വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയെ എങ്ങനെ പ്രതിരോധിക്കണമെന്നും സിനഡ് ചർച്ച ചെയ്യും. സഭ ഭൂമിയിടപാടിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന ആദായ നികുതി വകുപ്പിന്‍റെ റിപ്പോർട്ടും അതിരൂപതയ്ക്ക് പിഴയും ചുമത്തിയതോടെ പ്രശ്നം കൂടുതൽ സങ്കീർണ്ണമാണ്. മൂന്നിൽ അധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടിക്ക് സിനഡ് പിന്തുണ പ്രഖ്യാപിച്ചേക്കും. സിനഡിന് പിന്നാലെ കൂടുതൽ രൂപതകൾ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.

Story Highlight: syro malabar synod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here