താലിബാനുമായി ചർച്ച നടത്തും : യൂറോപ്യൻ യൂണിയൻ

താലിബാനുമായി ചർച്ചനടത്തുമെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ വിദേശകാര്യ തലവൻ ജോസഫ് ബോറലിന്റേതാണ് പരാമർശം. അഫ്ഗാൻ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ ഇന്ന് അടിയന്തര യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. (EU taliban talks)
കഴിഞ്ഞ ദിവസം താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.
ഇന്ന് അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക താലിബാൻ നീക്കി. പകരം താലിബാൻ പതാക സ്ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തമിഘട്ടത്തിലാണ്. അഫ്ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഭരണത്തിന് മൂന്നംഗ താത്കാലിക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അംഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.
അതിനിടെ, താലിബാൻ അനുകൂല പോസ്റ്റുകൾ ഫേസ്ബുക്ക് വിലക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ് നിയമ സംവിധാനം താലിബാനെ ഭീകരസംഘടനയാണെന്ന് വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയാണ് നടപടി.
Read Also : അഫ്ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ എത്തിക്കാൻ അമേരിക്കൻ സഹായം തേടി കേന്ദ്രസർക്കാർ
താലിബാന്റെ ഫേസ്ബുക്ക് അക്കൗണ്ടുകൾ, ഇവർ നിയന്ത്രിക്കുന്ന അക്കൗണ്ടുകൾ/പേജുകൾ, വിഡിയോകൾ താലിബാൻ അനുകൂല പോസ്റ്റുകൾ, അവരെ പ്രകീർത്തിക്കുന്ന പോസ്റ്റുകൾ വിഡിയോകൾ എന്നിവയും ഫേസ്ബുക്ക് വിലക്കിയതായി അറിയിച്ചു.
ഇത്തരം പോസ്റ്റുകൾ തിരിച്ചറിയാൻ അഫ്ഗാൻ പ്രാദേശിക ഭാഷ സംസാരിക്കുന്നവരെ ഉൾപ്പെടുത്തി വിപുലമായ സംഘത്തെ രൂപീകരിച്ചതായും ഫേസ്ബുക്ക് അധികൃതർ അറിയിച്ചു. ദരി, പഷ്തോ എന്നീ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന സംഘാംഗങ്ങൾ അഫ്ഗാനിലെ താലിബാൻ നീക്കങ്ങളും, പുതിയ സംഭവങ്ങളുമെല്ലാം നിരീക്ഷിച്ച് ഫേസ്ബുക്ക് അധികൃതർക്ക് റിപ്പോർട്ട് നൽകും.
ഏത് രാജ്യത്ത് ആര് അധികാരത്തിൽ എന്നത് ഫേസ്ബുക്കിനെ ബാധിക്കുന്ന വിഷയമല്ലെന്നും എന്നാൽ തങ്ങളുടെ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
Story Highlight: EU taliban talks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here