Advertisement

ടി-20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ നിസ്സാരരായി കാണരുത്: ഗൗതം ഗംഭീർ

August 19, 2021
Google News 3 minutes Read
gambhir afghanistan world cup

ടി-20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ നിസ്സാരായി കാണരുതെന്ന് ഇന്ത്യയുടെ മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ മികച്ച താരങ്ങൾ അവർക്കുണ്ടെന്നും അവരെ നിസ്സാരരായി കാണാനാവില്ലെന്നും ഗംഭീർ വ്യക്തമാക്കി. ടൂർണമെൻ്റിലെ കറുത്ത കുതിരകളാവാൻ ശേഷിയുള്ള ടീമാണ് അഫ്ഗാനിസ്ഥാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (gambhir afghanistan world cup)

“ടി-20 ഫോർമാറ്റിൽ ഏത് ടീമിനും മറ്റ് ടീമുകളെ പരാജയപ്പെടുത്താനാവും. അത് അത്തരത്തിൽ ഒരു ഫോർമാറ്റാണ്. ഒരു ടീമിനെയും നിസ്സാരരായി കാണരുത്. അഫ്ഗാനിസ്ഥാനെ ഒരിക്കലും നിസ്സാരരായി കാണരുത്. റാഷിദ് ഖാനെപ്പോലുള്ള താരങ്ങൾക്ക് വെല്ലുവിളി ഉയർത്താനാവും. ഗ്രൂപ്പ് ഒന്ന് മരണഗ്രൂപ്പ് ആണ്. അതാണ് ശരിക്കുള്ള ഗ്രൂപ്പ്. വെൻസ്റ്റ് ഇൻഡീസ് വളരെ കരുത്തുള്ള ടീമാണ്. അവർക്ക് മൂന്നാം തവണയും കിരീടമുയർത്താനാവും. ഇംഗ്ലണ്ടും കരുത്തരാണ്. 50 ഓവർ ലോകകപ്പ് വിജയത്തിനു ശേഷം ഓസ്ട്രേലിയയുടെ കരുത്ത് കുറഞ്ഞിട്ടുണ്ട്. പക്ഷേ, അവർക്കും അപകടകാരികളാവാനാവും.”- ഗംഭീർ പറഞ്ഞു.

Read Also : ടി-20 ലോകകപ്പിനുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.

യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.

സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

Story Highlight: gautam gambhir afghanistan t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here