എപിഎല്‍ വിഭാഗത്തിന് കൊവിഡാനന്തര സൗജന്യ ചികിത്സ നിര്‍ത്തലാക്കിയ തീരുമാനം; ആശ്ചര്യമെന്ന് വി ഡി സതീശന്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ എപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പോസ്റ്റ് കൊവിഡ് സൗജന്യ ചികിത്സ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ സര്‍ക്കാര്‍ തീരുമാനം തന്നെ അസ്വസ്ഥനാക്കുകയാണ്. യാഥാര്‍ഥ്യബോധം ഉള്ള ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് ഇതെന്നും വി ഡി സതീശന്‍ പറഞ്ഞു.
കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അതിസമ്പന്നരെ പോലും തകര്‍ത്തിരിക്കുകയാണ്. വ്യാപാര, സേവന, വ്യവസായ രംഗത്തുള്ള സംഘടിതവും അസംഘടിതവും ആയ മേഖലകള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ ഒക്കെ ദുരിതത്തിന്റെ കണ്ണുനീര്‍ ദിവസവും കാണുന്ന ഭരണാധികാരികള്‍ക്ക് എങ്ങനെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നു എന്നത് മനസ്സിലാകുന്നില്ല. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന ഈ കാലത്ത് എപിഎല്ലും, ബിപിഎല്ലും ഒക്കെ സാങ്കേതികത്വം മാത്രമാണ്.
ജനങ്ങള്‍ ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന ഈ സാചര്യത്തില്‍ സര്‍ക്കാരിന്റെ നടപടി ദുരിതമനുഭവിക്കുന്നവന്റെ മുതുകില്‍ പിന്നെയും ഭാരം കെട്ടിവയ്ക്കുന്നതിന് തുല്യമാണ്.എത്രയും വേഗം ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം.പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലെത്തി. സംസ്ഥാനം മൂന്നാം തരംഗത്തിലേക്ക് കടക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlight: post covid treatment, vd satheeshan