നാല് ഓസീസ് താരങ്ങൾ ഐപിഎലിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

നാല് ഓസീസ് താരങ്ങൾ ഐപിഎൽ രണ്ടാം പാദത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. യുഎഇയിൽ നടക്കുന്ന ഐപിഎലിൽ പങ്കെടുക്കാൻ താരങ്ങൾക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നൽകിയിട്ടുണ്ടെങ്കിലും പാറ്റ് കമ്മിൻസ് അടക്കമുള്ള ചില താരങ്ങൾ ടൂർണമെൻ്റിൽ നിന്ന് വിട്ടുനിന്നേക്കും. (australian players miss ipl)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ കമ്മിൻസിനൊപ്പം റോയൽ ചലഞ്ചേഴ്സ് താരം കെയിൻ റിച്ചാർഡ്സൺ, പഞ്ചാബ് കിംഗ്സ് താരങ്ങളായ ഝൈ റിച്ചാർഡ്സൺ, റൈലി മെരെഡിത്ത് എന്നിവർ ഐപിഎലിൽ നിന്ന് പിന്മാറിയേക്കുമെന്നാ്ണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെ നടന്ന പരിമിത ഓവർ പരമ്പരകളിൽ നിന്നും ഈ താരങ്ങൾ പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. ഐപിഎലിൽ നിന്ന് പിന്മാറുന്നതും ഇതേ കാരണം കൊണ്ടുതന്നെയാണെന്നാണ് റിപ്പോർട്ടുകൾ.
Read Also : ഐപിഎൽ ടീം ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ; ഫ്രാഞ്ചൈസികൾക്ക് തലവേദന
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
ഐപിഎൽ രണ്ടാം പാദത്തിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിന് ബിസിസിഐ അനുമതി നൽകിയിരുന്നു. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ ദേശീയ മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് നേരിട്ട് ഐപിഎലിൽ പങ്കെടുക്കാനാവും. ആറു ദിവസത്തെ ക്വാറൻ്റീൻ ഇല്ലാതെ തന്നെ താരങ്ങൾക്ക് ഐപിഎൽ ബബിളിൽ പ്രവേശിക്കാൻ സാധിക്കും.
ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര, ശ്രീലങ്ക-ദക്ഷിണാഫ്രിക്ക പരമ്പര, കരീബിയൻ പ്രീമിയർ ലീഗ് എന്നീ മത്സരങ്ങളാണ് ഐപിഎലിനു തൊട്ടുമുൻപായി നടക്കുന്നത്. ഈ മത്സരങ്ങളിൽ കളിക്കുന്ന താരങ്ങൾക്കെല്ലാം നേരിട്ട് ഐപിഎലിലെത്താം. ഈ മൂന്ന് ക്രിക്കറ്റ് പരമ്പരകളുമായി സഹകരിക്കുന്ന കമൻ്റേറ്റർമാർക്കും സംപ്രേഷണാധികാരം ഉള്ളവർക്കും ബബിൾ ടു ബബിൾ ട്രാൻസ്ഫർ സൗകര്യം ലഭ്യമാകും.
Story Highlight: 4 australian players miss ipl