ഐപിഎൽ ടീം ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ; ഫ്രാഞ്ചൈസികൾക്ക് തലവേദന

ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്കുള്ള സ്ക്വാഡ് സമർപ്പിക്കേണ്ട അവസാന ദിനം നാളെ. പല വിദേശതാരങ്ങളുടെയും പങ്കാളിത്തം സംശയത്തിലായിരുന്ന ഈ സമയത്ത് പല ഫ്രാഞ്ചൈസികൾക്കും ആരൊക്കെ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ തലപുകഞ്ഞ ആലോചനയിലാണ് ഫ്രാഞ്ചൈസികൾ. (ipl squad submission tomorrow)
ചെന്നൈ സൂപ്പർ കിംഗ്സ് മാത്രമാണ് എല്ലാ താരങ്ങളും ഉറപ്പായ ഒരേയൊരു ഫ്രാഞ്ചൈസി. ജോഷ് ഹേസൽവുഡ് ആയിരുന്നു സംശയത്തിലായിരുന്ന താരം. എന്നാൽ, ഹേസൽവുഡ് കളിക്കുമെന്ന് ഇന്നലെ സിഎസ്കെ അറിയിച്ചു. രാജസ്ഥാൻ റോയൽസിൻ്റെ നില പരുങ്ങലിലാണ്. ബെൻ സ്റ്റോക്സും ജോസ് ബട്‌ലറും കളിക്കില്ലെന്ന് തന്നെയാണ് കരുതപ്പെടുന്നതെങ്കിലും ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പകരം കളിക്കേണ്ട താരങ്ങളെപ്പറ്റിയും ഇതുവരെ വാർത്തകളൊന്നും പുറത്തുവന്നിട്ടില്ല.
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
Read Also : നടരാജൻ ഐപിഎൽ രണ്ടാം പാദത്തിൽ കളിക്കും
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
ഐപിഎൽ രണ്ടാം പാദത്തിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിന് ബിസിസിഐ അനുമതി നൽകിയിരുന്നു. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ ദേശീയ മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് നേരിട്ട് ഐപിഎലിൽ പങ്കെടുക്കാനാവും. ആറു ദിവസത്തെ ക്വാറൻ്റീൻ ഇല്ലാതെ തന്നെ താരങ്ങൾക്ക് ഐപിഎൽ ബബിളിൽ പ്രവേശിക്കാൻ സാധിക്കും.
ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര, ശ്രീലങ്ക-ദക്ഷിണാഫ്രിക്ക പരമ്പര, കരീബിയൻ പ്രീമിയർ ലീഗ് എന്നീ മത്സരങ്ങളാണ് ഐപിഎലിനു തൊട്ടുമുൻപായി നടക്കുന്നത്. ഈ മത്സരങ്ങളിൽ കളിക്കുന്ന താരങ്ങൾക്കെല്ലാം നേരിട്ട് ഐപിഎലിലെത്താം. ഈ മൂന്ന് ക്രിക്കറ്റ് പരമ്പരകളുമായി സഹകരിക്കുന്ന കമൻ്റേറ്റർമാർക്കും സംപ്രേഷണാധികാരം ഉള്ളവർക്കും ബബിൾ ടു ബബിൾ ട്രാൻസ്ഫർ സൗകര്യം ലഭ്യമാകും.
Story Highlight: ipl squad submission last date tomorrow