കുലുക്കല്ലൂർ ക്രെഡിറ്റ് സഹകരണ സംഘം സാമ്പത്തിക തട്ടിപ്പ്: അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ നിയോഗിച്ച് സിപിഎം

പാലക്കാട് കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
തട്ടിപ്പിൽ കൂടുതൽ പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പാലക്കാട് ജില്ലാ കമ്മറ്റിയോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ചെറുപ്പളശ്ശേരി ഏരിയ കമ്മിറ്റി അടിയന്തിര യോഗം വിളിച്ച ശേഷമാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഉണ്ണിക്കൃഷ്ണൻ, ഇ വിനോദ് കുമാർ, എം. സിജു എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. കൂടാതെ രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷനോട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. പരിശോധനയിൽ 45 ലക്ഷം രൂപയിലധികം സംഘത്തിന് നഷ്ടം ഉണ്ടായതായാണ് കണ്ടെത്തൽ. പിന്നാലെ സംഘത്തിലെ ഹോണററി സെക്രട്ടറിയെ സസ്പെന്റ് ചെയ്തു.
സ്ഥാപനത്തിലെ പ്യൂണായ മണികണ്ഠൻ സ്ഥിരം നിക്ഷേപകരുടെ പലിശ തുകയിൽ കൃത്രിമം കാട്ടി തട്ടിയെടുത്തുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിന്റെ പണം ഇയാൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു.
Read Also : കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാതട്ടിപ്പ്; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
അതേസമയം സംഘത്തിൽ നിന്നും വായ്പ എടുത്ത 24 പേരെ കുറിച്ച് യാതൊരു വിവരവുമില്ല . ഇവരുടെ ഒപ്പു പോലും സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. വ്യക്തിഗത ജാമ്യത്തിൽ മേൽ മാത്രം ബിസിനസ് വായ്പകൾക്ക് നൽകിയത് ഗുരുതര വീഴ്ചയാണ്. വായ്പക്കാരിൽ നിന്നും റിസ്ക്ക് ഫണ്ട് ഈടക്കുകയോ അംഗത്വം എടുക്കുകയോ ചെയ്തിട്ടില്ല. വായ്പക്കാർ മരിച്ചാൽ ഉണ്ടാക്കുന്ന എല്ലാ നഷ്ടങ്ങൾക്കും ഭരണ സമിതി ഉത്തരവാദിത്വം വഹിക്കേണ്ടി വരും.
Read Also : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; 3 പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ഇ.ഡി.
Story Highlight: cpim enquiry in palakkad kulukkallur credit cooperative society money fraud