ഓസീസ് യുവ പേസറെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്

ഓസീസ് യുവ പേസർ നതാൻ എല്ലിസിനെ ടീമിലെത്തിച്ച് ഐപിഎൽ ടീം പഞ്ചാബ് കിംഗ്സ്. ഓസീസ് താരങ്ങളായ ഝൈ റിച്ചാർഡ്സണും റൈലി മെരെഡിത്തും ഐപിഎലിനെത്തില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ഹൊബാർട്ട് ഹറികെയ്ൻസ് താരമായ എല്ലിസിനെ പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചത്. രണ്ടാമത്തെ പകരക്കാരനെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. (nathan ellis punjab kings)
ഓസ്ട്രേലിയക്കായി രണ്ട് ടി-20 മത്സരങ്ങളാണ് എല്ലിസ് കളിച്ചിട്ടുള്ളത്. ഈ മാസം ബംഗ്ലാദേശിനെതിരെ അരങ്ങേറിയ താരം ആ മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടി റെക്കോർഡ് സ്വന്തമാക്കിയിരുന്നു. റിസർവ് ടീമിൽ ഉൾപ്പെട്ടിരുന്ന എല്ലിസ് റൈലി മെരെഡിത്ത് പരുക്കേറ്റ് പുറത്തായതോടെ മെയിൻ സ്ക്വാഡിലും തുടർന്ന് പ്ലെയിങ് ഇലവനിലും ഉൾപ്പെടുകയായിരുന്നു. ടി-20 ലോകകപ്പിനുള്ള റിസർവ് താരങ്ങളിലും എല്ലിസ് ഉൾപ്പെട്ടിട്ടുണ്ട്.
റിച്ചാർഡ്സൺ, മെരെഡിത്ത് എന്നിവർക്കൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ പാറ്റ് കമ്മിൻസ്, റോയൽ ചലഞ്ചേഴ്സ് താരം കെയിൻ റിച്ചാർഡ്സൺ എന്നിവരും ഐപിഎലിൽ നിന്ന് പിന്മാറിയിരുന്നു. അടുത്തിടെ വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെ നടന്ന പരിമിത ഓവർ പരമ്പരകളിൽ നിന്നും ഈ താരങ്ങൾ പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. ഐപിഎലിൽ നിന്ന് പിന്മാറുന്നതും ഇതേ കാരണം കൊണ്ടുതന്നെയാണെന്നാണ് റിപ്പോർട്ടുകൾ.
Read Also : നാല് ഓസീസ് താരങ്ങൾ ഐപിഎലിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
ഐപിഎൽ രണ്ടാം പാദത്തിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിന് ബിസിസിഐ അനുമതി നൽകിയിരുന്നു. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ ദേശീയ മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് നേരിട്ട് ഐപിഎലിൽ പങ്കെടുക്കാനാവും. ആറു ദിവസത്തെ ക്വാറൻ്റീൻ ഇല്ലാതെ തന്നെ താരങ്ങൾക്ക് ഐപിഎൽ ബബിളിൽ പ്രവേശിക്കാൻ സാധിക്കും.
Story Highlight: nathan ellis punjab kings