താലിബാൻ ഭരണം അംഗീകരിക്കരുതെന്ന് ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കരുതെന്ന് ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഘെ. കാബൂളുമായുള്ള ബന്ധം ശ്രീലങ്ക അവസാനിപ്പിക്കണമെന്നും താലിബാൻ ഭരണത്തിനു കീഴിൽ അഫ്ഗാനിസ്ഥാൻ തീവ്രവാദത്തിൻ്റെ കേന്ദ്രമാവുമെന്നും മുൻപ് നാല് തവണ പ്രധാനമന്ത്രിയായ വിക്രമസിംഘെ പറഞ്ഞു. (Sri Lanka Taliban Afghanistan)
“ആളുകളെ ഭീഷണിപ്പെടുത്തുന്ന അവരുടെ നടപടിക്ക് ആരും മാപ്പ് നൽകാൻ പാടില്ല. ഖുറാൻ്റെ തെറ്റായ വ്യാഖ്യാനത്തിൻ്റെ അടിസ്ഥാനത്തിലുള്ള പ്രത്യയശാസ്ത്രമാണത്. ഇത് മറ്റ് രാജ്യങ്ങൾക്ക് ഭീഷണിയാണ്. താലിബാൻ ഭരണം അംഗീകരിക്കുന്നതിൽ ന്യായീകരണങ്ങളില്ല. എംബസി തിരികെ വിളിച്ച് അവരുമായുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിക്കണം. മധ്യേഷ്യയിൽ നമുക്കൊരു എംബസി വേണം. അത് മറ്റേതെങ്കിലും സ്ഥലത്ത് ആകാമല്ലോ.”- അദ്ദേഹം പറഞ്ഞു.
അതേസമയം, അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളിൽ ശ്രീലങ്കൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Also : അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം തുടരുന്നതിൽ താലിബാന് എതിർപ്പില്ല; വനിതാ ടീമിന്റെ കാര്യത്തിൽ അനിശ്ചിതത്വം
താലിബാനെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കാനാകില്ലെന്ന് കാനഡ വ്യക്തമാക്കിയിരുന്നു. താലിബാനെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വിവിധ ലോകരാജ്യങ്ങൾക്കിടയിൽ സജീവ വിഷയമായിരിക്കുമ്പോഴാണ് നിലപാട് വ്യക്തമാക്കി കാനഡ രംഗത്തുവന്നത്. താലിബാൻ സായുധ സംഘത്തെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. ഒരു ഭീകര സംഘടനയെ എങ്ങനെയാണ് സർക്കാരായി അംഗീകരിക്കാൻ കഴിയുക, താലിബാൻ ബലം പ്രയോഗിച്ചാണ് അഫ്ഗാന്റെ ഭരണം കരസ്ഥമാക്കിയതെന്നും ഇസ്ലാമിക മതയാഥാസ്ഥിതിക സംഘടനയെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിൽ നിന്ന് ആളുകളെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും ട്രൂഡോ വ്യക്തമാക്കി.
താലിബാനെ അഫ്ഗാൻ സർക്കാരിന്റെ ഭാഗമായി കാണാൻ ആവില്ല. അത്തരമൊരു പദ്ധതിയും ആലോചനയിലില്ല. അവർ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെയാണ് അട്ടിമറിച്ചത് – കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
അതേസമയം റഷ്യ, തുർക്കി എന്നീ രാജ്യങ്ങളുടെ നിലപാടുകൾ താലിബാന് അുകൂലമാണ്. താലിബാനെ അംഗീകരിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്തിരുന്നു. അബുദാബിയിൽ നിന്നാണ് രാജ്യം വിട്ടതിന് ശേഷമുള്ള അഷ്‌റഫ് ഗനിയുടെ ആദ്യ അഭിസംബോദന. സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടതെന്ന് അഷ്‌റഫ് ഗനി പറഞ്ഞു.
Story Highlight: Sri Lanka Taliban Rule Afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here