Advertisement

ദി ഹണ്ട്രഡ്: കന്നിക്കിരീടം സതേൺ ബ്രേവിന്

August 22, 2021
Google News 2 minutes Read
southern brave won hundred

ദി ഹണ്ട്രഡ് പുരുഷ എഡിഷൻ കിരീടം സതേൺ ബ്രേവിന്. ബിർമിംഗ്‌ഹാം ഫീനിക്സിനെ 32 റൺസിനു കീഴടക്കിയാണ് കന്നി ഹണ്ട്രഡ് കിരീടം സതേൺ ബ്രേവ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 100 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്ത സതേൺ ബ്രേവിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഫീനിക്സിന് 100 പന്തിൽ5 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനേ സാധിച്ചുള്ളൂ. വനിതാ എഡിഷനിൽ ഓവൽ ഇൻവിസിബിൾസിനാണ് കിരീടം. സതേൺ ബ്രേവിനെ 48 റൺസുകൾക്ക് തകർത്താണ് ഇൻവിസിബിൾസ് കിരീടം ചൂടിയത്. (southern brave won hundred)

ഐറിഷ് താരം പോൾ സ്റ്റിർലിങ് (36 പന്തിൽ 61), ഇംഗ്ലീഷ് താരം റോസ് വിറ്റ്‌ലി (19 പന്തിൽ 44) എന്നിവരാണ് സതേൺ ബ്രേവിനു വേണ്ടി തിളങ്ങിയത്. ബിർമിംഗ്‌ഹാം ഫീനിക്സിനായി ആദം മിൽനെ 20 പന്തിൽ വെറും 4 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ രണ്ടാം പന്തിൽ തന്നെ ഡേവിഡ് ബെഡിംഗ്‌ഹമിനെ (0) നഷ്ടമായി പതറിയ ഫീനിക്സിനായി മൊയീൻ അലിയും (30 പന്തിൽ 36), ലിയാം ലിവിങ്സ്റ്റണും (19 പന്തിൽ 46) മാത്രമാണ് തിളങ്ങിയത്. ക്രിസ് ബെഞ്ചമിൻ (25 പന്തിൽ 23), ബെന്നി ഹവൽ (16 പന്തിൽ 20) എന്നിവർ പൊരുതിയെങ്കിലും ബെഞ്ചമിൻ്റെ മെല്ലെപ്പോക്ക് ഫീനിക്സിനു തിരിച്ചടിയാവുകയായിരുന്നു.

Read Also : ഐപിഎൽ രണ്ടാം പാദം: യുഎഇയിൽ ബട്‌ലർ എത്തില്ല; പകരം ഗ്ലെൻ ഫിലിപ്സ്

വനിതാ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഓവൽ ഇൻവിസിബിൾസ് നിശ്ചിത 100 പന്തുകളിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 121 റൺസ് നേടി. വാൻ നിക്കെർക്ക് (26), ഫ്രാൻ വിൽസൺ (25), മരിസെൻ കാപ്പ് (26) തുടങ്ങിയവരാണ് ഇൻവിസിബിൾസിനായി തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ട സതേൺ ബ്രേവ് 2 റൺസിന് 3 വിക്കറ്റ്, 11 റൺസിന് 5 വിക്കറ്റ്, 29 റൺസിന് ഏഴ് വിക്കറ്റ് എന്നിങ്ങനെ പതറി. 4 താരങ്ങൾ റൺസൊന്നും എടുക്കാതെ മടങ്ങിയപ്പോൾ ആകെ 7 താരങ്ങൾ ഒറ്റയക്കത്തിനു പുറത്തായി. എട്ടാം വിക്കറ്റിൽ താര നോറിസും (11), ഫി മോറിസും (23) ചേർന്ന കൂട്ടുകെട്ടാണ് സതേൺ ബ്രേവിനെ വലിയ നാണക്കേടിൽ നിന്ന് കരകയറ്റിയത്. എങ്കിലും തോൽവി ഒഴിവാക്കാൻ അത് മതിയാകുമായിരുന്നില്ല. 2 പന്തുകൾ ബാക്കി നിൽക്കെ 73 റൺസിന് സതേൺ ബ്രേവ് ഓൾഔട്ടായി. ഇൻവിസിബിൾസിനായി മരിസേൻ കാപ്പ് 4 വിക്കറ്റ് വീഴ്ത്തി.

Story Highlight: souhern brave won the hundred

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here