ചതയദിന ആശംസകളുമായി മുഖ്യമന്ത്രി; ചെമ്പഴന്തിയിലെ ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാർഷിക ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും ദുർബലപ്പെടുത്തുന്ന വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് ഐക്യത്തോടെ നിൽക്കേണ്ട സന്ദർഭമാണിത്. എങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയർത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാൻ ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾക്കു സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം കൊ വിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. പതിവ് പ്രാർത്ഥനകളും പൂജകളും വർക്കല ശിവഗിരിയിൽ രാവിലെ നടക്കും. ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ രാവിലെ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
പിണറായി വിജയൻ -ഫേസ്ബുക് പോസ്റ്റ്
ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമാണിന്ന്. ജാതിമതഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിൻ്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിൻ്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. സാഹോദര്യവും സമത്വവും ദുർബലപ്പെടുത്തുന്ന വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് ഐക്യത്തോടെ നിൽക്കേണ്ട സന്ദർഭമാണിത്. എങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയർത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാൻ ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾക്കു സാധിക്കും. അവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിൻ്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്താനും ആത്‌മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകണം. ഗുരുചിന്തകൾ കൂടുതൽ പ്രഭയോടെ ജ്വലിക്കട്ടെ. എല്ലാവർക്കും ചതയദിന ആശംസകൾ.
Story Highlights: