ടോക്യോ പാരാലിമ്പിക്സ്: മാരിയപ്പൻ തങ്കവേലു ക്വാറന്റീനിൽ; ടേക് ചന്ദ് പതാകവാഹകനാവും

ടോക്യോ പാരാലിമ്പിക്സിൽ ഷോട്ട് പുട്ട് താരം ടേക് ചന്ദ് ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകനാവും. നേരത്തെ നിശ്ചയിച്ചിരുന്ന മാരിയപ്പൻ തങ്കവേലു ക്വാറൻ്റീനിൽ ആയതിനാലാണ് ചന്ദിനെ പതാക ഏല്പിച്ചിരിക്കുന്നത്. മാരിയപ്പനൊപ്പം മറ്റ് അഞ്ച് അത്‌ലീറ്റുകൾ കൂടി ക്വാറൻ്റീനിലാണ്. ഒളിമ്പിക്സിൽ പങ്കെടുക്കാനായി ഇവർ എത്തിയ വിമാനത്തിൽ കൊവിഡ് ബാധിതനുണ്ടായിരുന്നു. ഇതേ തുടർന്നാണ് താരങ്ങളെ ക്വാറൻ്റീനിലാക്കിയത്. (Paralympics Mariyappan Tek Chand)
മാരിയപ്പനും ഡിസ്കസ് ത്രോ താരം വിനോദ് കുമാറുമാണ് കൊവിഡ് ബാധിതനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നത്. ഈ താരങ്ങൾക്ക് ഉദ്ഘാടനച്ചടങ്ങ് നഷ്ടമാവും. ആറ് ഒഫീഷ്യലുകളും അഞ്ച് അത്‌ലീറ്റുകളുമാണ് ഇന്ത്യൻ സംഘത്തെ പ്രതിനിധീകരിച്ച് മാർച്ച് പാസ്റ്റിൽ പങ്കെടുക്കേണ്ടിയിരുന്നത്. മാരിയപ്പൻ, വിനോദ് കുമാർ എന്നിവർക്കൊപ്പം ടേക് ചന്ദ്, ഭാരോദ്വഹന താരങ്ങളായ ജയ്ദീപ്, സഖിന ഖാത്തൂൻ എന്നീ താരങ്ങളും മാർച്ച് പാസ്റ്റിൽ പങ്കെടുക്കാനുള്ള താരങ്ങളാണ്.
അതേസമയം, താരങ്ങളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. അതുകൊണ്ട് തന്നെ ആറ് ദിവസത്തെ ക്വാറൻ്റീനു ശേഷം പരിശോധനാഫലം നെഗറ്റീവായാൽ ഇവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയും.
Read Also : ടോക്യോയിൽ മറ്റൊരു ഒളിമ്പിക്സ്; പാരാലിമ്പിക്‌സിന് ഇന്ന് തിരിതെളിയും; ഇന്ത്യയെ പ്രതിനിധീകരിച്ച് 54 താരങ്ങൾ
54 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുക്കുക. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആർച്ചറി, അത‍്‍ലറ്റിക്‌സ് (ട്രാക്ക് ആൻഡ് ഫീൽഡ്), ബാഡ്‌മിന്റൺ, നീന്തൽ, ഭാരോദ്വഹനം തുടങ്ങി 9 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ അഞ്ചു കായികതാരങ്ങളടക്കം 11 പേരാണ് അണിനിരക്കുക. ഇന്ത്യൻ ടീമിലെ ഏക മലയാളി സിദ്ധാർഥ ബാബു ഷൂട്ടിങ്ങിൽ മത്സരിക്കും.
ന്യൂ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 4.30നാണ് വർണപ്പകിട്ടാർന്ന ഉദ്ഘാടനം. ജാപ്പനീസ് ചക്രവർത്തി നരുഹിതോ ഉദ്ഘാടനം ചെയ്യും. 167 രാജ്യങ്ങളിലെ 4400 കായികതാരങ്ങൾ അണിനിരക്കും. 22 ഇനങ്ങളിൽ 540 മത്സരങ്ങളുണ്ടാകും. ആറംഗ അഭയാർഥി ടീമിനെ ആദ്യമായി അലിയ ഇസ്സ എന്ന വനിത നയിക്കും. ഓഗസ്റ്റ് 27 മുതലാണ് അത്‌ലറ്റിക്സ്.
ഒളിമ്പിക്സ് പോലെ നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന പാരാലിമ്പിക്സിൽ 2004 മുതൽ ചൈനയാണ് ജേതാക്കൾ. ബ്രിട്ടനും അമേരിക്കയുമാണ് പ്രധാന എതിരാളികൾ. 2016ൽ ചൈനയ്ക്ക് 107 സ്വർണം കിട്ടി. രണ്ടാമതെത്തിയ ബ്രിട്ടന് 64. ഉക്രെയ്ൻ 41, അമേരിക്ക 40 എന്നിങ്ങനെയാണ് മൂന്നും നാലും സ്ഥാനക്കാർ. ഇന്ത്യ രണ്ട് സ്വർണമടക്കം നാല് മെഡലുമായി 43-ാംസ്ഥാനത്തായിരുന്നു.
Story Highlights : Paralympics Mariyappan Thangavelu Quarantined Tek Chand Flagbearer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here