ഓണസമ്മാന വിവാദം; തൃക്കാക്കര നഗരസഭയിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുക്കണമെന്ന് കൗണ്‍സിലര്‍മാര്‍

തൃക്കാക്കരയിലെ ഓണസമ്മാന വിവാദത്തില്‍ നഗരസഭയിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുക്കണമെന്ന് കൗണ്‍സിലര്‍മാര്‍. പണം നല്‍കിയ വിവരങ്ങള്‍ സിസിടിവിയിലുള്ളതിനാല്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ വേണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ മൊഴി ഇന്നെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡിസിസിയിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണസമ്മാന വിവാദത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്ന് പ്രതിഷേധം ആരംഭിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ചുനില്‍ക്കുകയാണ് കൗണ്‍സിലര്‍മാര്‍.
ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ അന്വേഷണവും തുടങ്ങുന്നത്.ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ ഇന്നുച്ചയോടെ വിശദാംശങ്ങള്‍ തേടും. ഇതിന്റെ ഭാഗമായി നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ മൊഴി ആദ്യമെടുക്കും. പരാതിക്കാരായ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ മൊഴിയും രേഖപ്പെടുത്തും. വീഴ്ച കണ്ടെത്തിയാല്‍ വൈകാതെ നടപടിയുണ്ടാകും. സംഭവത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ചെയര്‍പേഴ്‌സന്റെ ഭാഗത്തുനിന്നുള്ള വീഴ്ച തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിരുന്നു.
Read Also : അഫ്ഗാനിസ്താനിൽ നിന്ന് കൂടുതൽ പേർ ഡൽഹിയിലെത്തി; വിമാനത്തിൽ കാസർഗോഡ് സ്വദേശിനിയും
ഓണസമ്മാനമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയ്‌ക്കൊപ്പം പതിനായിരം രൂപ നല്‍കിയെന്നാണ് ആരോപണം.
Story Highlight: trikkakkara nagarasabha