കുലുക്കല്ലൂര്‍ സഹകരണസംഘത്തിലെ സാമ്പത്തിക ക്രമക്കേടില്‍ സിപിഐഎം അച്ചടക്ക നടപടിക്ക് ശുപാര്‍ശ

പാലക്കാട് ചെര്‍പ്പുളശ്ശേരി കുലുക്കല്ലൂര്‍ സഹകരണസംഘത്തിലെ സാമ്പത്തിക ക്രമക്കേടില്‍ സിപിഐഎം അച്ചടക്ക നടപടിക്ക് ശുപാര്‍ശ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. നാല്‍പ്പത്തി മൂന്നര ലക്ഷം രൂപയുടെ ക്രമക്കേടാണ് ഓഡിറ്റില്‍ കണ്ടെത്തിയത്.
സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് നാല്‍പ്പത്തി മൂന്നര ലക്ഷം രൂപയുടെ ക്രമക്കേട് കുലുക്കല്ലൂര്‍ സഹകരണ ക്രെഡിറ്റ് സൊസൈറ്റിയിൽ കണ്ടെത്തിയത്. സഹകരണസംഘത്തിന്‍റെ പതിനൊന്നംഗ ഭരണസമിതിയില്‍ 9 പേരും പാര്‍ട്ടി അംഗങ്ങളാണ്.
ഈ സാഹചര്യത്തിലാണ് മൂന്നംഗ അന്വേഷണ സമിതിയെ ചെര്‍പ്പുളശ്ശേരി ഏരിയാകമ്മിറ്റി ചുമതലപ്പെടുത്തിയത്. ആരോപണവിധേയരുടെയടക്കം മൊഴി രേഖപ്പെടുത്തിയ സമിതി ക്രമക്കേട് സ്ഥിരീകരിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്.
Read Also : കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; അഞ്ചാം പ്രതി ബിജോയ് പിടിയിൽ
ഈ പശ്ചാത്തലത്തിലാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എംഎം വിനോദ് കുമാറടക്കം ആറ് പേര്‍ക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. വിനോദ് കുമാറിനെയും ലോക്കൽ കമ്മറ്റി അംഗമായ സംഘം വൈസ് .പ്രസിഡന്‍റ് ശ്രീകുമാറിനെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യാനാണ് ശുപാര്‍ശ. ലോക്കൽ കമ്മറ്റി അംഗങ്ങളായ ബാങ്ക് ഭരണ സമിതി പ്രസിഡണ്ട് അബ്ദുറഹിമാൻ , സംഘം സ്ഥിരം ജീവനക്കാരൻ പി. മണികണ്ഠൻ ഓണററി സെക്രട്ടറി പാർട്ടി അംഗം ജനാർദനൻ നായർ എന്നിവരെ പുറത്താക്കാനും ശുപാര്‍ശയുണ്ട്. ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും സംഘത്തിന്‍റെ ഫ്രാക്ഷന്‍ ചുമതലയുള്ള പി കെ ബഷീര്‍ മാസ്റ്ററെ താക്കീത് ചെയ്യാനും ഏരിയാമ്മിറ്റി ശുപാര്‍ശ ചെയ്യുന്നുണ്ട്.
നടപടിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പാര്‍ട്ടി ജില്ലാഘടകമാണ്. സഹകരണസംഘം ഭരണസമിതി പിരിച്ചുവിടാനും ഏരിയാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
Story Highlight: kulukulloor service bank scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here