പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ക്യാമ്പിനൊപ്പം ചേർന്നു

പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ഇന്ത്യൻസ് ക്യാമ്പിനൊപ്പം ചേർന്നു. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. മറ്റ് ടീം അംഗങ്ങളൊക്കെ നേരത്തെ അബുദാബിയിലെ ക്യാമ്പിനൊപ്പം ചേർന്നിരുന്നു. ശ്രീലങ്കൻ പര്യടനത്തിനിടെ കൊവിഡ് ബാധിതനായ കൃണാൽ പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം മടങ്ങാതെ പിന്നീടാണ് നാട്ടിലേക്ക് പോയത്. (Pandya brothers Mumbai Indians)
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
Read Also : ഐപിഎൽ: ലോക ഒന്നാം നമ്പർ ബൗളറെ റാഞ്ചി രാജസ്ഥാൻ; ആന്ദ്രൂ ടൈ കളിക്കില്ല
ഇതിനിടെ ഐസിസി ടി-20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ താരം തബ്രൈസ് ഷംസിയെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്ക് പകരക്കാരനായാണ് ഷംസി ടീമിലെത്തുക. ഇന്ത്യയിൽ വച്ച് നടന്ന മത്സരങ്ങളിൽ ടീമിൻ്റെ സ്പിൻ വിഭാഗത്തിൻ്റെ പ്രകടനം നിരാശാജനകമായിരുന്നു. ഇത് പരിഹരിക്കാനായാണ് ലോക ഒന്നാം നമ്പർ ബൗളറെത്തന്നെ രാജസ്ഥാൻ ഒപ്പം കൂട്ടിയിരിക്കുന്നത്.
ഷംസി കൂടി ടീമിലെത്തിയതോടെ മൂന്ന് ഇംഗ്ലീഷ് താരങ്ങൾക്ക് രാജസ്ഥാൻ പകരക്കാരെ കണ്ടെത്തി. മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത ബെൻ സ്റ്റോക്സിനു പകരം ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര, രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് ഐപിഎലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർക്ക് പകരം ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഗ്ലെൻ ഫിലിപ്സ് എന്നിവരാണ് റോയൽസിലെത്തിയത്.
ആർസിബിയും ടീം വിട്ടവർക്ക് പകരം വിദേശ താരത്തെ കണ്ടെത്തി. ഓസ്ട്രേലിയൻ പേസർ കെയിൻ റിച്ചാർഡ്സണു പകരം ഇംഗ്ലണ്ടിൻ്റെ സസക്സ് പേസർ ജോർജ് ഗാർട്ടനെ ടീമിലെത്തിച്ചാണ് ആർസിബി വിദേശ ക്വാട്ട പൂർത്തിയാക്കിയത്.
Story Highlight: Pandya brothers Join Mumbai Indians Camp