ഓഫ് സൈഡിൽ ഡ്രൈവുകൾ ഇല്ലാതെ 241 റൺസ് നോട്ടൗട്ട്; കോലിയും രോഹിതും സച്ചിനെ കണ്ട് പഠിക്കണം

എല്ലായ്പ്പോഴും സ്വയം നവീകരിക്കേണ്ട കളിയാണ് ക്രിക്കറ്റ്. മറ്റ് സ്പോർടുകൾ പോലെയല്ല, ക്രിക്കറ്റിൽ ഘടനാപരമായിപ്പോലും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ദിവസങ്ങളോളമുള്ള ടെസ്റ്റ് മത്സരങ്ങൾ മാറി അഞ്ച് ദിവസത്തിലേക്ക് ചുരുക്കി, 60 ഓവർ ഏകദിന മത്സരങ്ങൾ 50 ഓവറാക്കി ചുരുക്കി, ടി 20 യും ഹണ്ട്രഡും വന്നു. ഫ്രീഹിറ്റും പവർപ്ലേയും ഫീൽഡിംഗ് നിയന്ത്രണങ്ങളും വന്നു. അതിനൊപ്പം തുടരുക എന്നതിനൊപ്പം സ്കിൽ ലെവൽ പുതുക്കിക്കൊണ്ടിരിക്കുക എന്നതും അനിവാര്യതയാണ്. അത് എല്ലാ ഗെയിമിലും വേണം. പതിവുകൾ പഠിച്ച് എതിരാളികൾ തന്ത്രങ്ങൾ മെനയും അതിനെ കൗണ്ടർ ചെയ്യണമെങ്കിൽ പതിവുകളിൽ തളച്ചിടപ്പെടാൻ പാടില്ല. (kohli rohit sharma tendulkar)
കോലിയുടെ ഏറ്റവും ഗ്ലാമറസായ ഷോട്ടാണ് കവർ ഡ്രൈവ്. സമകാലിക ക്രിക്കറ്റിൽ ഏറ്റവും നന്നായി കവർ ഡ്രൈവ് കളിക്കുന്ന താരമാണ് കോലി. കോലിയോ ബാബറോ എന്ന ചർച്ചകൾ നിലനിൽക്കുന്നുണ്ടെങ്കിലും കോലി അല്പം മുന്നിലാണെന്ന് ഞാൻ പറയും. ഈ ഗ്ലോറി ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് കോലി കഴിഞ്ഞ കുറേകാലമായി പുറത്താവുന്നത്. 2008ൽ ശ്രീലങ്കക്കെതിരെ അരങ്ങേറുമ്പോൾ കണ്ട പ്രശ്നങ്ങളാണ് ഇപ്പോഴും കാണുന്നത്. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പിൽ വരുന്ന പന്തുകൾ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച് പുറത്താവൽ. ഇടക്കാലത്ത് കോലി ആ പതിവിൽ നിന്ന് പുറത്തുകടന്നിരുന്നു. പക്ഷേ, ഇപ്പോൾ വീണ്ടും കോലി അതിലേക്ക് തന്നെ മടങ്ങുന്നു. എതിരാളികൾക്ക് കളി എളുപ്പമാണ്. ഡ്രൈവ് ചെയ്യാൻ പാകത്തിൽ പന്ത് എറിഞ്ഞുനൽകുക എന്നത് മാത്രമേ ചെയ്യേണ്ടതുള്ളൂ.
രോഹിത് ശർമ്മയുടെ സ്ട്രോങ് ഏരിയയാണ് പുൾ ഷോട്ട്. രോഹിത് അത് കളിക്കുന്നത് കാണാൻ ഒരു ചന്തമാണ്. അതോറിറ്റി അതിൽ എഴുതിവച്ചിട്ടുണ്ടാവും. എന്നാൽ, ടെസ്റ്റ് മത്സരങ്ങളിൽ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച് പുറത്താവുന്ന രോഹിത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. ‘ഞാൻ ഏറ്റവുമധികം റൺസ് സ്കോർ ചെയ്യുന്നത് ആ ഷോട്ടിലാണ്. പിന്നെ അത് ഞാൻ എന്തിനു കളിക്കാതിരിക്കണം?’ എന്ന രോഹിതിൻ്റെ ചോദ്യം അംഗീകരിക്കുന്നു. പക്ഷേ, നിരന്തരം അതിൽ പരാജയപ്പെടുമ്പോൾ ഒരു വീണ്ടുവിചാരം ഉണ്ടാവുക നല്ലതാണെന്ന് തോന്നുന്നു. മൂന്നാം ടെസ്റ്റിൽ 105 പന്തുകൾ നേരിട്ട രോഹിത് 19 റൺസ് മാത്രമേ എടുത്തുള്ളൂ എന്നത് ഒരു മോശം കാര്യമായി ചില അഭിപ്രായങ്ങൾ കണ്ടു. വരുന്നവരൊക്കെ ധൃതിയിൽ മടങ്ങുമ്പോൾ ഇന്നിംഗ്സ് പേസ് ചെയ്യാൻ രോഹിതിന് സാധിച്ചില്ല എന്നാണ് എനിക്ക് തോന്നുന്നത്. രോഹിതിന് വിക്കറ്റ് സംരക്ഷിക്കണോ ആക്രമിച്ച് കളിക്കണോ എന്ന ശങ്കയുണ്ടായിരുന്നു.
Read Also : ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്,തകര്‍ന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര; ഇംഗ്ലണ്ട് 120/0
ഇനി നമുക്ക് 2004 ജനുവരി സിഡ്നിയിലേക്ക് പോകാം. ഓസ്ട്രേലിയക്കതിരായ നാലാം ടെസ്റ്റിലേക്ക് സച്ചിൻ എത്തുന്നത് പരമ്പരയിൽ ആകെ 85 റൺസുമായാണ്. അതിൽ രണ്ട് ഡക്കുകൾ. ഓഫ്സൈഡ് കെണിയൊരുക്കിയാണ് സച്ചിനെ ഓസീസ് വീഴ്ത്തിയത്. കോലിയുടെ അതേ പ്രശ്നം. ഡ്രൈവ്, എഡ്ജ്, ക്യാച്ച്.
നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ സച്ചിൻ ക്രീസിലെത്തുന്നത് നാലാമതാണ്. സ്കോർ 194/3. ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുന്നത് 7 വിക്കറ്റ് നഷ്ടത്തിൽ 705 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ്. അപ്പോഴും സച്ചിൻ ഒരു വശത്ത് ഉണ്ടായിരുന്നു. 613 മിനിട്ട്. 436 പന്തുകൾ. 33 ബൗണ്ടറികൾ. 241 റൺസ് നോട്ടൗട്ട്. ഇതൊന്നുമല്ല ഈ ഇന്നിംഗ്സിൻ്റെ സവിശേഷത. സച്ചിൻ്റെ ഈ ഇന്നിംഗ്സിൽ ഓഫ് സൈഡിലൂടെ ഒരു ഡ്രൈവ് പോലും ഉണ്ടായിരുന്നില്ല. ഇന്നിംഗ്സിൻ്റെ വാഗൺ വീൽ നോക്കിയാൽ കാണാം. ഓഫ്സൈഡിൽ ആകെ മൂന്ന് ഷോട്ടുകൾ. കവർ ഏരിയ മുഴുവൻ ശൂന്യമാണ്. ഓഫ്സൈഡിൽ ആകെ അടിച്ചത് രണ്ട് കട്ടുകളും ഒരു സ്ട്രൈറ്റ് ഡ്രൈവും. ഓഫ് സൈഡ് തന്ത്രമാണ് തനിക്കെതിരെ ഒരുക്കിയതെന്ന് മനസ്സിലാക്കിയ സച്ചിൻ അതിനു മറുപടി നൽകിയത് ഒരു മുനിയുടെ സമചിത്തതയോടെ, ഓഫ് സൈഡിൽ ഡ്രൈവുകൾ ഒഴിവാക്കി നേടിയ 241 റൺസിലൂടെയാണ്. വെറും മൂന്ന് ടെസ്റ്റുകൾ കൊണ്ട് സച്ചിൻ എതിരാളികളുടെ തന്ത്രം പൊളിച്ചു. സച്ചിൻ ഈഗോ എടുത്ത് പോക്കറ്റിലിട്ടു. എന്നിട്ട് തന്ത്രത്തിനു മറുമരുന്ന് തേടി.

സച്ചിൻ ചെയ്തതെന്തെന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ കോലിയുടെയും രോഹിതിൻ്റെയും പ്രശ്നം. അവസാന 50 രാജ്യാന്തര ഇന്നിംഗ്സുകളിൽ സെഞ്ചുറി നേടാൻ കോലിക്ക് കഴിഞ്ഞിട്ടില്ല. സെഞ്ചുറി എണ്ണത്തിൽ സച്ചിനെ മറികടക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന താരമാണ് ഇപ്പോൾ 50 ഇന്നിംഗ്സുകൾ സെഞ്ചുറിയില്ലാതെ പൂർത്തിയാക്കിയിരിക്കുന്നത്. രോഹിതിനെ സംബന്ധിച്ചും ഇത് തന്നെയാണ് അവസ്ഥ. പരിമിത ഓവർ മത്സരങ്ങളിൽ പുൾ ഷോട്ടുകൾ കളിക്കുന്നത് പോലെ റെഡ് ബോളിൽ കളിക്കുക എളുപ്പമല്ല. സെഞ്ചുറിയിലേക്കെത്തിക്കാവുന്ന എത്ര ഇന്നിംഗ്സുകളാണ് രോഹിത് പുൾ ഷോട്ടിലൂടെ പാഴാക്കിയത്. ഇന്ത്യയുടെ മോഡേൺ ഡേ ഗ്രേറ്റുകൾ എത്രയും വേഗം സച്ചിൻ്റെ വഴി സ്വീകരിച്ചില്ലെങ്കിൽ അപകടമാണ്.
Story Highlight: virat kohli rohit sharma sachin tendulkar