ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പായി ഖത്തറിലോ അബുദാബിയിലോ ക്യാമ്പ് സംഘടിപ്പിക്കും; അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്

ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പായി ഖത്തറിലോ അബുദാബിയിലോ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര നടത്തുമെന്നും ബോർഡ് അറിയിച്ചു. ക്രിക്കറ്റ് ബോർഡ് സിഇഓ ഹാമിദ് ഷിൻവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. (afganistan cricket camp qatar)
“ഞങ്ങൾക്ക് പാകിസ്താനും ശ്രീലങ്കയ്ക്കും എതിരെ പരമ്പരകൾ കളിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ, വിമാന സർവീസ് ലഭ്യമല്ലാത്തതിനാൽ പരമ്പര 2022ലേക്ക് മാറ്റിവെക്കേണ്ടിവന്നു. ലോകകപ്പിനു മുൻപ് വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര നടത്താനും പദ്ധതിയുണ്ട്. ഞങ്ങളുടെ ടീം അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഓസ്ട്രേലിയ, വിൻഡീസ് ബോർഡുകൾ അംഗീകരിച്ചതിനു ശേഷം ഈ പരമ്പര ഞങ്ങൾ സംഘടിപ്പിക്കും. ടി-20 ലോകകപ്പ് വളരെ പ്രധാനപ്പെട്ട ഒരു ഇവൻ്റാണ്. ത്രിരാഷ്ട്ര പരമ്പരക്ക് ശേഷം അബുദാബിയിലോ ഖത്തറിലോ ഞങ്ങൾ ക്യാമ്പ് സംഘടിപ്പിക്കും.”- ഷിൻവാരി വ്യക്തമാക്കി.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.
യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Story Highlight: afganistan cricket camp qatar