എകെ ആൻറണിയുടെ മാതൃക നേതാക്കൾ സ്വീകരിക്കണം; ചെന്നിത്തലയെ കൈവിട്ട് ശൂരനാട്

പുതിയ നേതാക്കൾക്ക് പ്രവർത്തിക്കാൻ അവസരം നൽകണമെന്ന് ശൂരനാട് രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഉമ്മൻ ചാണ്ടി – ചെന്നിത്തല തുല്യം ചാർത്തി. ഇനി എകെ ആൻറണിയുടെ മാതൃക നേതാക്കൾ സ്വീകരിക്കണമെന്ന് ശൂരനാട് രാജശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു. (Sooranad Rajasekharan against ramesh chennithala)
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
എ.കെ. ആന്‍റണിയുടെ മാതൃക ഇന്നത്തെ നേതാക്കളും കാണിക്കണം.
നൂറ് ദിവസത്തെ ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനും ശേഷം പതിന്നാല് ജില്ലകളിലും പുതിയ ഡിസിസി പ്രസിഡന്‍റുമാരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. പാര്‍ട്ടി അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന ഓരോ കോണ്‍ഗ്രസ്കാരനും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തില്‍ നിന്നു മാറി നില്‍ക്കേണ്ട ഗതികേട് പാര്‍ട്ടി നേരിടുന്നത് നടാടെയാണ്. ഈ പതനത്തില്‍ നിന്നു കരകയറണമെങ്കില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം, മൂകത പൂണ്ടു കിടക്കുന്ന കോണ്‍ഗ്രസ് ഓഫീസുകള്‍ പ്രവര്‍ത്തന നിരതമാകണം.
എ.കെ. ആന്‍റണി കെപിസിസി പ്രസിഡന്‍റും കെ. കരുണാകരന്‍ പാര്‍ട്ടി ലീഡറുമായി വന്ന കാലം മുതല്‍ നിലനില്‍ക്കുന്ന പാര്‍ട്ടി സംഘടനാ രൂപീകരണം നാലു പതിറ്റാണ്ടായി തുടരുകയാണ്. പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും പ്രവര്‍ത്തകരുമായി കെപിസിസി പ്രസിഡന്‍റ് ആവശ്യമായ ചര്‍ച്ചകള്‍ ചെയ്തു സമര്‍പ്പിക്കുന്ന പേരുകള്‍ ഹൈക്കമാന്‍ഡ് അംഗീകരിച്ച് ഡിസിസി പ്രസിഡന്‍റുമാരെ നിയമിക്കുകയാണ് പതിവ്. 2001 ല്‍ ഞാന്‍ കൊല്ലം ഡിസിസി പ്രസിന്‍റായതും അങ്ങനെയാണ്.
പിന്നീട് ഉമ്മന്‍ ചാണ്ടി പാര്‍ട്ടി ലീഡറും രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്‍റായി വന്നപ്പോഴും ആ നില തുടര്‍ന്നു. 2005 മുതല്‍ കഴിഞ്ഞ നിയമസഭാ സ്ഥാനാര്‍ഥികളെ നിശ്ചയിക്കു ന്നതു വരെ അവര്‍ രണ്ടു പേരുമാണ് നിയമനങ്ങള്‍ക്കു തുല്യം ചാര്‍ത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സര്‍വകാല പരാജയം പുതിയ നേതൃത്വത്തെ അവരോധിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ നിര്‍ബന്ധിതമാക്കി. കെ. സുധാകരന്‍ പിസിസി പ്രസിഡന്‍റും വി.ഡി. സതീശന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറുമായതിനു ശേഷം കെപിസിസിയും ഡിസിസകളും അടിമുടി പുനഃസംഘടിപ്പിക്കാന്‍ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനം ഹൈക്കമാന്‍ഡും അംഗീകരിച്ചു. അതിനുവേണ്ടി വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ നൂറ് ദിവസങ്ങളായി നടന്നത്.
പല തവണ പേരുകളില്‍ മാറ്റങ്ങള്‍ വരുത്തി. അവസാനം പ്രഖ്യാപിച്ച പേരുകള്‍ ആരായാലും കോണ്‍ഗ്രസ് പ്രസിഡന്‍റാണ് നിയമിച്ചിരിക്കുന്നത്. എവിടെയെങ്കിലും കുറവുകളുണ്ടെങ്കില്‍ അതു തിരുത്താനും പ്രസിഡന്‍റിന് കഴിയും. അതുകൊണ്ട് പുതിയ നേതാക്കള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ അവസരങ്ങളും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കണം. 2005 നു ശേഷം എ.കെ. ആന്‍റണി ഈ വക കാര്യങ്ങളില്‍ കാട്ടിയ മാതൃക ഇപ്പോഴത്തെ നേതാക്കളും സ്വീകരിക്കണമെന്നാണ് അഭ്യര്‍ഥന. ചാനലുകളിലും മാധ്യമങ്ങളിലും കോണ്‍ഗ്രസിന്‍റെ മുഖം വികൃതമാകുമ്പോള്‍ രക്ഷപ്പെട്ടു പോകുന്നത് രണ്ട് ഫാസിസ്റ്റ് സര്‍ക്കാരുകളാണ്. കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനു ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹമാണ് ഞാന്‍ പങ്കുവയ്ക്കുന്നത്
Story Highlight: Sooranad Rajasekharan against ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here