Advertisement

എ വി ഗോപിനാഥിനെതിരെ ഒളിയമ്പുമായി അനില്‍ അക്കര; സ്വയം പദവികള്‍ കൈമാറി മാതൃക കാണിക്കണം

August 30, 2021
1 minute Read
anil akkara

പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥിനെതിരെ ഒളിയമ്പുമായി അനില്‍ അക്കര.സ്വയം പദവികള്‍ കൈമാറി എ വി ഗോപിനാഥന്‍ മാതൃക കാട്ടണമെന്ന് അനില്‍ അക്കര ഫേസ്ബുക്ക് കുറിപ്പില്‍ തുറന്നടിച്ചു. ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് പോയാല്‍ പകരം അല്‍പം സമയമെടുത്തായാലും പെരിങ്ങോട്ടുകുറിശ്ശിയില്‍ മറ്റൊരാള്‍ വരുമെന്നും അനില്‍ അക്കര പറഞ്ഞു.

അനില്‍ അക്കരയുടെ വാക്കുകള്‍;

സ്‌നേഹം നിറഞ്ഞ ഗോപിയേട്ടാ. നിങ്ങളെപ്പോലുള്ള ജനപിന്തുണയുള്ള നേതാക്കള്‍ എന്തിനാണ് സ്ഥാനമാനങ്ങള്‍ക്ക് പിറകെ ഓടുന്നത്? പെരുങ്ങോട്ടുക്കുറിശ്ശിക്കാര്‍ നിങ്ങളെആ നാട്ടിലെ രാജാവാക്കിയത്, പാലക്കാട് ഡിസിസി പ്രസിഡന്റ് പദവിയില്‍ വീണ്ടും വീണ്ടും അവരോധിക്കാനല്ല, കോണ്‍ഗ്രസുകാരനായ ഗോപിയെ അങ്ങനെ കാണാനാണ് ഞങ്ങള്‍ പുതിയ തലമുറ ആഗ്രഹിക്കുന്നത്. ഞാന്‍ അടാട്ട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ടായിരുന്ന കാലത്ത് മുപ്പത് കൊല്ലം മുന്‍പ് നിങ്ങള്‍ എംഎല്‍എ യും ഡിസിസി പ്രസിഡന്റും, കെപിസിസി ഭാരവാഹിയും ഒക്കെയായി.

നിങ്ങള്‍ വഹിക്കാത്ത ഏത് പദവിയാണ് ഇനിയുള്ളത്.പെരുങ്ങോട്ടുക്കുറിശ്ശി ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ്, ബാങ്ക് പ്രസിഡന്റ് പദവികള്‍ അവിടെ നിങ്ങള്‍ക്ക് പകരം ആരെങ്കിലും ചോദിച്ചു വന്നിട്ടുണ്ടോ? അല്ലെങ്കില്‍ ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ? ആദ്യം ഈ പദവികള്‍ കൈമാറി മാതൃക കാണിച്ചാല്‍ ഞാന്‍ നിങ്ങളുടെകൂടെ, അല്ലെങ്കിലും ഗോപിയേട്ടനെ ഞാന്‍ ഇഷ്ടപെടും. നിങ്ങള്‍ക്ക് പകരം വെയ്ക്കാന്‍ പാലക്കാട് കോണ്‍ഗ്രസില്‍ അല്ല പാലക്കാട് മാറ്റാളില്ല.
പക്ഷെ നിങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് പോയാല്‍ അല്പം സമയമെടുത്താലും പേരുങ്ങോട്ടുക്കുറിശ്ശിയില്‍ മറ്റൊരാളുവരും. അത് കാലത്തിന്റെ ശീലമാണ്.

അടാട്ട് ഗ്രാമ പഞ്ചായത്ത് ഭരണവും എന്റെ വാര്‍ഡും നഷ്ടപെട്ടപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട ആളാണ് ഞാന്‍. അത് അനുഭവിക്കുമ്പോഴേ അറിയൂ. കോണ്‍ഗ്രസ്സിനകത്തെ സ്വാതന്ത്ര്യം ഗോപിയേട്ടന് മറ്റൊരു പാര്‍ട്ടിയിലും കിട്ടില്ല. കാര്യം ഉറപ്പ് എന്ത് നഷ്ടമുണ്ടായാലും പ്രീ ഡിഗ്രീ പഠനകാലം കഴിഞ്ഞ് അമല ആശുപത്രിയിക്ക് മുന്നില്‍ ടൂറിസ്റ്റ് ടാക്‌സി ഓടിച്ചു നടന്നിരുന്ന എന്നെ അനില്‍ അക്കരയാക്കിയത് എന്റെ പാര്‍ട്ടിയാണ്. ഈ പാര്‍ട്ടി എന്റെ ജീവിതം മുഴുവന്‍ എന്റെ കൂടെയുണ്ടാകും, തിരിച്ചും. ഏതെങ്കിലും നേതാവിനെ കണ്ടാണോ, അല്ലങ്കില്‍ ഏതെങ്കിലും പദവി മോഹിച്ചാണോ ഞാനും നിങ്ങളും പൊതു പ്രവര്‍ത്തനത്തിനിറങ്ങിയത്. വിറ്റു കൂട്ടിയ പാരമ്പര്യ സ്വത്തുക്കള്‍ തിരികെ പിടിക്കാന്‍ പറ്റില്ലന്നറിഞ്ഞിട്ടല്ലേ അത് നഷ്ടപ്പെടുത്തിയത്?

Read Also : കോൺ​ഗ്രസ് വിടാനൊരുങ്ങി പി എസ് പ്രശാന്ത്; കെ സി വേണുഗോപാൽ ബിജെപി ഏജന്റെന്ന് ആരോപണം

തിരികെ പിടിക്കാനാണെങ്കില്‍ നിങ്ങള്‍ക്ക് പുതിയ മേച്ചില്‍ പുറം തേടിപ്പോകാം. അല്ലെങ്കില്‍ ഞങ്ങളുടെയൊക്കെ ഗോപിയേട്ടാനായി ഇവിടെ രാജാവായി വാഴാം. അതല്ല പിണറായിയുടെ പാര്യമ്പുറത്തെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം. ഒരു വാക്ക്. ഈ പാര്‍ട്ടിയോടും നിങ്ങളെ നിങ്ങളാക്കിയ പേരുങ്ങോട്ടുക്കുറിശ്ശിക്കാരോടും സ്‌നേഹമുണ്ടെങ്കില്‍ ഇവിടെ മംഗലശ്ശേരി നീലകണ്ഠനായിവാഴണം.

Story Highlight: anil akkara, av gopinath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement