Advertisement

പാലക്കാട് സിപിഐമ്മിൽ കൂട്ട നടപടി; കണ്ണാടി ലോക്കല്‍ കമ്മിറ്റിയം​ഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും; ഇരുപതോളം പേര്‍ക്കെതിരെ നടപടി

September 1, 2021
Google News 1 minute Read
cpim palakkad mass action

സിപിഐഎം സംഘടനാസമ്മേളനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ ശേഷിക്കേ പാലക്കാട് പുതുശ്ശേരി ഏരിയാകമ്മിറ്റിക്ക് കീഴില്‍ കൂട്ട നടപടി. പുറത്താക്കലും തരംതാഴ്ത്തലുമടക്കം ഇരുപതോളം പേര്‍ക്കെതിരെ നടപടിയെടുക്കാനാണ് ഏരിയാകമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. ഏരിയാകമ്മിറ്റിയുടെ ശുപാര്‍ശ ജില്ലാകമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.

ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് പാലക്കാട്ടെ സിപിഐഎമ്മില്‍ കൂട്ടനടപടിയുണ്ടാകുന്നത്. പുതുശ്ശേരി ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള കണ്ണാടി ലോക്കല്‍കമ്മിറ്റിയംഗം വി സുരേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. കണ്ണാടി സര്‍വീസ് സഹകരണബാങ്കിന്‍റെ സെക്രട്ടറിയാണ് വി സുരേഷ്. ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് പാര്‍ട്ടി തലത്തിലുള്ള അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു.

ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളായ ആർ .ചന്ദ്രശേഖരൻ, വി.ഗോപിനാഥൻ, വി.പത്മനാഭൻ, എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവരെ ആറുമാസത്തേക്ക് സസ്പെന്റ് ചെയ്യാനാണ് തീരുമാനം. ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണവും തുടരുകയാണ്. പുതുശ്ശേരി ഏരിയാ സെന്റർ അഗവും എലപ്പുള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി.ഹരിദാസിനെയും പുതുശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റും ഏരിയാകമ്മറ്റി അംഗവുമായ ഉണ്ണിക്കൃഷ്ണനെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തത്തി. കൊടുമ്പിൽ നിന്നുള്ള ഏരിയാകമ്മറ്റി അംഗം രാജൻ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ വാസു, കെ മണി, ഉൾപ്പെടെ ഒമ്പതുപേർക്കെതിരെയും നടപടിതീരുമാനിച്ചിട്ടുണ്ട്.

Read Also : എ വി ഗോപിനാഥനെ പ്രശംസിച്ച് സിപിഐഎം; അര്‍ഹിച്ച സ്ഥാനം കോണ്‍ഗ്രസ് നല്‍കുമെന്ന് കെ.മുരളീധരന്‍

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികള്‍ ഇവരുടെ ഭാഗത്തുനിന്നുമുണ്ടായെന്നും സമാന്തര യോഗങ്ങള്‍ വിളിച്ച് വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നുമാണ് കണ്ടെത്തല്‍. സംസ്ഥാന കമ്മറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്, ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സംസ്ഥാന കമ്മറ്റി അംഗം കെ.വി.രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ മുൻപ് നടന്ന രണ്ട് യോഗങ്ങളിലും നടപടി പരിഗണിച്ചിരുന്നില്ല. ചൊവ്വാഴ്ച നടന്ന യോഗത്തിൽ നടപടി തീരുമാനിച്ചെങ്കിലും സമ്മേളനമടുത്തതിനാൽ ജില്ലാ കമ്മറ്റിയുടേയും സംസ്ഥാന കമ്മറ്റിയുടേയും അംഗീകാരമില്ലാതെ ഇവ നടപ്പാക്കാനാവില്ല. മേല്‍ഘടകങ്ങള്‍ക്ക് അപ്പീല്‍ നല്‍കാനാണ് നടപടി നേരിടുന്നവരുടെ തീരുമാനം.

Story Highlight: cpim palakkad mass action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here