പരസ്യകലഹങ്ങള്‍ക്കിടെ തിരുവനന്തപുരത്ത് ഇന്ന് യുഡിഎഫ് നേതൃയോഗം; ആര്‍എസ്പി-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയും ഇന്ന്

കോണ്‍ഗ്രസില്‍ പരസ്യകലഹം തുടരുന്നതിനിടെ യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോണ്‍ഗ്രസിലെ പരസ്യ ഏറ്റുമുട്ടലിലിലെ ആശങ്ക ഘടകകക്ഷികള്‍ മുന്നണിയോഗത്തില്‍ ഉന്നയിച്ചേക്കും.യുഡിഎഫ് യോഗത്തിന് മുന്നോടിയായി ആര്‍എസ്പിയുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും.
മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വന്നതിന് ശേഷമുള്ള ആദ്യ സമ്പൂര്‍ണ യുഡിഎഫ് യോഗമാണ് ഇന്ന് നടക്കുന്നത്. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്താണ് യോഗം. കോണ്‍ഗ്രസിലെ പരസ്യകലഹം കെട്ടടങ്ങുന്നതിന് മുന്നേയാണ് യോഗം എന്നത് ശ്രദ്ധേയം. കോണ്‍ഗ്രസിലെ പരസ്യവിഴുപ്പലക്കലില്‍ ഘടകക്ഷികള്‍ പലരും അതൃപ്തരാണ്.
മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന ഘടകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള കെപിസിസി അവലോകന റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അതൃപ്തരാണ്. ഇക്കാര്യം ജോസഫ് വിഭാഗം മുന്നണി യോഗത്തില്‍ ഉയര്‍ത്തിക്കാട്ടും. കെ റെയില്‍ സംബന്ധിച്ച നിലപാടും യോഗത്തില്‍ ചര്‍ച്ചയാകും. യുഡിഎഫ് ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയാകും ചര്‍ച്ച.
Read Also : കോൺഗ്രസിലെ പ്രശ്നങ്ങൾ അവർ തീർക്കും;നാട്ടിലെ പ്രശ്നങ്ങൾ ആദ്യം തീർക്കണം, വിമർശനവുമായി അബ്ദുറബ്ബ്
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമോ എന്നതാണ് നിര്‍ണായകം. വി ഡി സതീശന്‍ നേരിട്ട് അനുനയ ചര്‍ച്ചകള്‍ നടത്തിയ സാഹചര്യത്തില്‍ ഇരുവരും ഇരുവരും പങ്കെടുക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആര്‍എസ്പി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യുഡിഎഫ് യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം ആര്‍എസ്പിയുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തും. രാവിലെ പതിനൊന്നുമണിക്കാണ് ആര്‍എസ്പി-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച.
Story Highlight: udf meeting, rsp-congress bilateral talks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here