മെംഫിസ് ഡിപായ്ക്ക് ഹാട്രിക്ക്; ഹോളണ്ടിന് തകർപ്പൻ ജയം; പോർച്ചുഗലിനും ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഹോളണ്ടിനും പോർച്ചുഗലിനും ജയം. ഹോളണ്ടിനായി മെംഫിസ് ഡിപായ് ഹാട്രിക്ക് നേടി. മെംഫിസിൻ്റെ ആദ്യ രാജ്യാന്തര ഹാട്രിക്കാണിത്. തുർക്കിയെ ഒന്നിനെതിരെ 6 ഗോളുകൾക്കാണ് ഹോളണ്ട് കീഴടക്കിയത്. അസർബൈജാനെ മടക്കമില്ലാത്ത 3 ഗോളുകൾക്ക് പോർച്ചുഗൽ തറപറ്റിച്ചു. (holland portugal world cup)
തുർക്കിയെ ഒന്നിനെതിരെ 6 ഗോളുകൾക്കാണ് ഓറഞ്ച് പട പരാജയപ്പെടുത്തിയത്. ബാഴ്സലോണ ഫോർവേഡ് മെംഫിസ് ഡിപായുടെ ഹാട്രിക്കിനൊപ്പം ഡാവി ക്ലാസൻ, ഗസ് ടിൽ, ഡോണ്യെൽ മലൻ എന്നിവരും ഹോളണ്ടിനായി ഗോൾ പട്ടികയിൽ ഇടം നേടി. ഹാട്രിക്ക് നേടിയതോടെ ആകെ 33 ഗോളുകളുമായി ഹോളണ്ടിൻ്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരുടെ പട്ടികയിൽ യൊഹാൻ ക്രൈഫിനൊപ്പമെത്താനും മെംഫിസിനു കഴിഞ്ഞു. 50 ഗോളുകൾ നേടിയ റോബിൻ വാൻ പേഴ്സിയാണ് ഒന്നാമത്.
Read Also : തോൽവി അറിയാതെ 36 മത്സരങ്ങൾ; ഇറ്റലിക്ക് ലോക റെക്കോർഡ്
ഒന്നാം മിനിട്ടിൽ തന്നെ ഹോളണ്ട് ലീഡെടുത്തു. ഡാവി ക്ലാസനായിരുന്നു ഗോൾ സ്കോറർ. 16ആം മിനിട്ടിൽ മെംഫിസിൻ്റെ ആദ്യ ഗോൾ. 38ആം മിനിട്ടിൽ ബാഴ്സലോണ താരം അടുത്ത ഗോളടിച്ചു. 44ആം മിനിട്ടിൽ തുർക്കിയുടെ കാഗ്‌ലർ സൊയുഞ്ചു ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി. 54ആം മിനിട്ടിൽ മെംഫിസ് ഹാട്രിക്ക് പൂർത്തിയാക്കി. 80, 90 മിനിട്ടുകളിൽ യഥാക്രമം ടിലും മലനും ഹോളണ്ട് ഗോൾ പട്ടിക പൂർത്തിയാക്കി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കെങ്കിസ് ഉണ്ടർ ആണ് തുർക്കിയുടെ ആശ്വാസ ഗോൾ നേടിയത്. ഗ്രൂപ്പ് ജിയിൽ 13 പോയിൻ്റുമായി ഒന്നാമതാണ് ഹോളണ്ട്.
അസർബൈജാനെതിരെയായിരുന്നു പോർച്ചുഗലിൻ്റെ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ടായിരുന്നില്ലെങ്കിലും ആധികാരിക ജയം സ്വന്തമാക്കാൻ പറങ്കിപ്പടയ്ക്ക് സാധിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അസർബൈജാനെ കീഴടക്കിയ പോർച്ചുഗൽ ഇതോടെ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. 26ആം മിനുട്ടിൽ ബെർണാർഡൊ സിൽവയിലൂടെ മുന്നിലെത്തിയ പോർച്ചുഗലിനായി 31ആം മിനിട്ടിൽ ആന്ദ്രേ സിൽവ രണ്ടാം ഗോളടിച്ചു. 75ആം മിനിട്ടിൽ ഡിയാഗോ ജോട്ട പോർച്ചുഗലിൻ്റെ ഗോൾവേട്ട പൂർത്തിയാക്കി. ഇതോടെ അവർക്ക് 5 മത്സരങ്ങളിൽ നിന്ന് 13 പോയിൻ്റായി.
Story Highlight: holland portugal won world cup qualifiers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here