ഊര്‍ജമേഖലയില്‍ പുതിയ കണ്ടുപിടുത്തം: ‘സൂപ്പര്‍ കണ്ടക്ടര്‍ ഇലക്ട്രോ മാഗ്നറ്റ്’ ഗവേഷക സംഘത്തിൽ മലയാളിയും |24 Interview

അരുണ്യ സി.ജി/ സില്‍വസ്റ്റര്‍ നൊറോന
ഊര്‍ജമേഖലയില്‍ വലിയ സാധ്യതകള്‍ക്കും പഠനങ്ങള്‍ക്കും വഴിതെളിയുകയാണ് സൂപ്പര്‍ കണ്ടക്ടര്‍ ഇലക്ട്രോ മാഗ്നറ്റ് എന്ന വൈദ്യുത കാന്തത്തിന്റെ കണ്ടുപിടിത്തത്തിലൂടെ. ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ വൈദ്യുത കാന്തം മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോമണ്‍വെല്‍ത്ത് ഫ്യൂഷന്‍ സിസ്റ്റംസ് എന്നിവരാണ് കണ്ടുപിടിച്ചത്.
ഹൈ ടെംപറേച്ചര്‍ സൂപ്പര്‍ കണ്ടക്ടിങ് മാഗ്നറ്റിന്റെ പിറവിക്കുപിന്നില്‍ മലയാളിയായ ഡോ. സില്‍വസ്റ്റര്‍ നൊറോനയുമുണ്ട്. കോമണ്‍വെല്‍ത്ത് ഫ്യൂഷന്‍ സിറ്റസ്റ്റംസിന്റെ ലീഡ് എഞ്ചിനീയറും എംഐടിയില്‍ വിസിറ്റിങ് സയന്റിസ്റ്റുമാണ് ഡോ. സില്‍വസ്റ്റര്‍ നൊറോന.
എംഐടിയുടെ പുതിയ ഗവേഷണത്തിന്റെ ഭാവിയും സാധ്യതകളും ട്വന്റിഫോറുമായി പങ്കുവയ്ക്കുകയാണ് ഡോ.സില്‍വസ്റ്റര്‍ നൊറോന. സവിശേഷമായ ഈ കാന്തത്തിന്റെ കണ്ടുപിടിത്തത്തിലൂടെ ഉപയോഗിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഊര്‍ജ ഉത്പാദിപ്പിക്കാനാകും എന്നതാണ് സാധ്യതയെന്ന് സില്‍വസ്റ്റര്‍ നൊറോന ട്വന്റിഫോറിനോട് പറഞ്ഞു.
സൂപ്പര്‍ കണ്ടക്ടര്‍ ഇലക്ട്രോ മാഗ്നറ്റിന്റെ കണ്ടുപിടിത്തത്തിലൂടെ ഊര്‍ജോത്പാദന രംഗത്തുണ്ടാകുന്ന മാറ്റം
പരമ്പരാഗത ഊര്‍ജസ്രോതസ്സുകളുടെ കുറവാണ് പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളിലേക്കെത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ഇവ പുനസ്ഥാപിക്കാന്‍ കഴിയും. പരിസര മലിനീകരണവും ചിലവും കുറവാണ്.
പരമ്പരാഗത ഊര്‍ജസ്രോതസ്സുകള്‍ സ്വയം പുനസ്ഥാപിക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ള ആണവോര്‍ജം സൃഷ്ടിക്കുന്ന മലിനീകരണം ഭൂമിയില്‍ വര്‍ഷങ്ങളോളം നിലനില്‍ക്കും. ക്രമേണ ആഗോളതാപനമുള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യും.
റിയാക്ടറുകള്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജത്തെക്കാള്‍ വലുതാണ്. സവിശേഷമായ ഈ കാന്തത്തിന്റെ കണ്ടുപിടിത്തത്തിലൂടെ ഉപയോഗിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കാനാകും എന്നതാണ്’
-ഡോ.സില്‍വസ്റ്റര്‍ നൊറോന
ആണവ റിയാക്ടറുകള്‍ ആണവ വിഘടന സാങ്കേതിക വിദ്യയിലൂടെ പ്രവര്‍ത്തിക്കുകയും ആണവ സംയോജനം വഴി ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുകയുമാണ് നിലവില്‍ ചെയ്യുന്നതെന്ന് ഡോ. സില്‍വസ്റ്റര്‍ നൊറോന പറയുന്നു. ഉയര്‍ന്ന താപനിലയില്‍ പ്ലാസ്മ സൃഷ്ടിക്കപ്പെടുന്നതിനാല്‍ ഫ്യൂഷന്‍ റിയാക്ടറുകളായ ടോക്കോമാക്കുകളിലെ താപനില ചെറുക്കാന്‍ ഖരവസ്തുക്കള്‍ സഹായകമാകില്ല. ഇത് മറികടക്കാന്‍ ഇല്ക്‌ട്രോ മാഗ്നറ്റുകള്‍ ഉപയോഗിച്ച് കാന്തിക മണ്ഡലങ്ങളുണ്ടാക്കുകയും അതില്‍ പ്ലാസ്മയെ തൂക്കിനിര്‍ത്തുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ ചെമ്പ് നിര്‍മിതമായ ഈ കാന്തങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ഊര്‍ജവും റിയാക്ടറില്‍ നിന്നുണ്ടാകുന്ന ഊര്‍ജവും തമ്മില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ ഫ്യൂഷന്‍ റിയാക്ടറുകള്‍ പ്രായോഗികമായി നഷ്ടമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് വ്യക്തമാക്കി. പുതിയ കണ്ടുപിടിത്തമായ സൂപ്പര്‍ കണ്ടക്ടര്‍ ഇലക്ട്രോ മാഗ്നറ്റ് 20 ടെസ്ല അളവില്‍ കാന്തികമണ്ഡലമൊരുക്കുകയും ഊര്‍ജ ഉത്പാദനം സാധ്യമാക്കുകയും ചെയ്യും. ഈ സവിശേഷമായ കാന്തം ചെറുതായതിനാല്‍ തന്നെ ഭാവി ഫ്യൂഷന്‍ റിയാക്ടറുകളുടെയും വലിപ്പം കുറയും.
ലോകത്തെ ആദ്യത്തെ ജീവനക്ഷമായ ഫ്യൂഷന്‍ റിയാക്ടര്‍ ‘സ്പാര്‍ക്ക്’ 2025ഓടെ നിര്‍മിക്കാനും എംഐടി-സിഎഎഫ്എസ് ഗവേഷകര്‍ പദ്ധതി തയാറാക്കുന്നതായി ഡോ. സില്‍വസ്റ്റര്‍ നൊറോന ട്വന്റിഫോറുമായി പങ്കുവച്ചു.
5-6 വര്‍ഷങ്ങള്‍ കൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. സ്വകാര്യ കമ്പനികളാണ് ഗവേഷണത്തിന് ഫണ്ട് നല്‍കുന്നത്.
കൊല്ലം ജില്ലയിലെ ക്ലാപ്പന മീനേത്ത് ജെ.സി നൊറോനയുടെയും ഗേളിയുടെയും മകനാണ് ഡോ. സില്‍വസ്റ്റര്‍ നൊറോന. ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് സ്‌കൂള്‍, കൊല്ലം ഫാത്തിമ കോളജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബംഗളൂരു ഐഐഎസ്‌സിയില്‍ നിന്ന് മെറ്റീരിയല്‍ സയന്‍സില്‍ എഞ്ചിനീയറിംഗില്‍ പിഎച്ച്ഡിയും ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടി.
Story Highlight: Superconductor Electro Magnet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here