Advertisement

ആൺ അഹന്തയ്ക്ക് മുന്നിൽ അടിയറവ് പറയില്ല; രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി മിന ജലീൽ

September 11, 2021
Google News 5 minutes Read
Minah Jaleel's fb post

മുസ്‌ലിം ലീഗിനും എം.എസ്.എഫ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഹരിത മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് മിന ജലീൽ. ലീഗിന്റേത് ഏകപക്ഷീയമായ തീരുമാനമെന്ന് മിന ജലീൽ. ആക്ഷേപിച്ചവരുടെ പ്രയോഗങ്ങൾ തെറ്റായി തോന്നാത്തത് ഭീകരമായ അവസ്ഥയാണ്. ഹരിതയുടെ വാദത്തിന് ലീഗ് പുല്ലുവില നൽകിയില്ലെന്ന് മിന ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആൺ അഹന്തയ്ക്ക് മുന്നിൽ അടിയറവ് പറയില്ല, രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി മിന ജലീൽ. വനിതാ കമ്മീഷന് പരാതി നൽകിയ പത്ത് പേരിൽ ഒരാളാണ് മിന ജലീൽ.

ഹരിത നിലവിൽ വന്നിട്ട് പത്ത് വർഷം തികയുന്ന ഈ ദിനത്തിൽ സംതൃപ്തിയോടെയും അഭിമാനത്തോടെയും പടിയിറങ്ങുകയാണ് അതിലേറെ ആർജ്ജവത്തോടെ ഈ സമരവുമായ് മുന്നോട്ട് പോകുക തന്നെ ചെയ്യും. പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന കമ്മറ്റിക്ക് ആശംസകൾ എന്നും മിന ഫേസ്ബുക്കിൽ കുറിച്ചു.

Read Also : ഹരിതയെ വിമർശിച്ച് പി.കെ. നവാസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പി കെ ഫിറോസ്, ടി പി അഷ്‌റഫ് അലി പ്രസിഡന്റ് സെക്രട്ടറി ആയിരുന്ന എം എസ് എഫ് കമ്മറ്റിയുടെ ഒരു വിദ്യാർത്ഥി സമ്മേളനത്തിൽ ഉച്ചഭക്ഷണം വൈകി, അന്നേരം സദസ്സിലിരുന്ന പെൺകുട്ടികളോട് ‘ ഭക്ഷണം എത്താൻ വൈകും, ആ സമയം കൊണ്ട് നിങ്ങൾക്ക് എന്തങ്കിലും സംസാരിക്കാം ‘. എന്ന് പറഞ്ഞപ്പോൾ സദസ്സിലിരുന്ന ഒരു പെൺകുട്ടി തിരിച്ചു ചോദിച്ചു ‘ ഭക്ഷണം വരാൻ താമസിച്ചില്ലായിരുന്നൂവെങ്കിൽ നിങ്ങൾ ഞങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകില്ലേ? ‘ അവിടെ നിന്നുമാണ് എം എസ് എഫിൽ ‘പെൺകുട്ടികൾക്കൊരു ഇടം’ എന്ന ആശയം ഉദിക്കുന്നത്. അതെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ് ഹരിത ജനിക്കുന്നത്. അതുകൊണ്ട് ചോദ്യങ്ങൾ ഇനിയും ചോദിക്കും. ” അതിന് നിങ്ങളെ പിരിച്ചു വിട്ടില്ലേ?” കാലത്തിനനുസരിച്ച ദീർഘ വീക്ഷണം ഉണ്ടെന്ന് കരുതിയിരുന്ന സംവിധാനം മുന്നോട്ടല്ല പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയുമ്പോൾ, തുടങ്ങി വച്ച ഞങ്ങളുടെ സന്ധിയില്ലാ കലഹത്തിന് തോളിലിരുന്ന സ്ഥാനവും മേലങ്കി ഒരു ഭാരമായി തോന്നുന്നു.
ഇനി വിഷയത്തിലേക്ക് വരാം. രാത്രി 10മണിക്ക് തുടങ്ങിയ യോഗത്തിൽ ഹരിത ആവശ്യങ്ങൾ കൃത്യമായി മുന്നോട്ട് വയ്ക്കുകയും തുടക്കത്തിൽ അവയെ അംഗീകരിക്കാം എന്ന് തീരുമാനിച്ച നേതൃത്വം ചില ഇടപെടലുകളുടെ അനന്തരഫലമെന്നോണം, ‘നിങ്ങളുടെ ആവശ്യങ്ങൾ പാർട്ടി ചർച്ച ചെയ്യട്ടെ’ എന്ന് തീരുമാനിച്ച് തികച്ചും ഏകപക്ഷീയമായതും ഹരിതയുടെ ആവശ്യങ്ങളെ ഒരു തരത്തിലും പരിഗണിക്കാത്തതുമായ ഒരു പ്രസ് റിലീസ് വായിച്ചു കേൾപ്പിക്കുകയും, ഇത് അംഗീകരിക്കാൻ പറ്റില്ലെന്ന ഹരിതയുടെ വാദത്തിന് പുല്ലുവില പോലും നൽകാതെ യോഗം അവസാനിക്കുകയായിരുന്നു.

പിറ്റേന്ന് മാധ്യമങ്ങളിൽ “പി കെ നവാസിനും കബീർ മുതുപറമ്പയ്ക്കും വി എ വഹാബിനും എതിരെ പാർട്ടി ‘നടപടി’ സ്വീകരിക്കുന്നു, അവർ ‘ഖേദം പ്രകടിപ്പിക്കും’, ഹരിത കേസ് പിൻവലിക്കും. ” ഇത് കേട്ട ലെ ഹരിത, ഞങ്ങളോ…. !! കേസ് പിൻവലിക്കേ…!! എപ്പോ….?? സുബാഷ്.
അതെ നടപടി സ്വീകരിച്ചു, അതും ഘട്ടം ഘട്ടമായി, ആദ്യം മരവിപ്പിച്ചു പിന്നീട് പിരിച്ചു വിട്ടു. പ്രതികൾ ഇപ്പോഴും സംസ്ഥാന പ്രസിഡന്റും ജില്ലാ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി തുടരുന്നു. തികച്ചും നീതി പൂർണമായ നടപടി അല്ലെ… !!! ഇത്രയും ഭീകര പരാമർശം നടത്തിയവർക്കെതിരെ പാർട്ടി എടുത്ത നടപടിയോ, കേവലം ഒരു “ഖേദ പ്രകടനം”….!!! അത്രയ്ക്കും നിസാരമായിരുന്നോ ആ പരാമർശങ്ങൾ!! പിന്നെ എന്തേ നടപടി ഇത്രയും ലാഖവത്തോടെ ആയിപ്പോയി…? ചെയ്ത തെറ്റിന്റെ ആഴം അറിയാഞ്ഞിട്ടോ അതൊ കുറച്ച് പീറപ്പെണ്ണുങ്ങളുടെ തൊള്ള അടപ്പിക്കാൻ ഇത്രയൊക്കെ മതി എന്ന് കരുതീട്ടോ അതുമല്ല the fucking male ego യോ…!!!

“ഒരു വനിതാ പ്രവർത്തകയുൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്ത യോഗത്തിലെ സംസാരത്തിൽ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല. യോഗത്തിൽ പങ്കെടുത്ത സഹപ്രവർത്തകരിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നു.” “എന്റെ സംസാരത്തിലെ വാക്കുകൾ ഏതെങ്കിലും ഭാഗം സഹപ്രവർത്തകരിൽ
ആരെയെങ്കിലും വേദനപ്പിച്ചെങ്കിൽ എനിക്കതിൽ പ്രയാസമുണ്ട് . പ്രസ്തുത കാര്യത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. “
“എന്റെ പൊതുജീവിതത്തില്‍ ഒരിക്കല്‍ പോലും സ്ത്രീകള്‍ക്കെതിരായി മോശപ്പെട്ട പരാമര്‍ശം ഉണ്ടായിട്ടില്ല. പാർട്ടി സ്നേഹികൾക്കോ, സഹപ്രവർത്തകർക്കൊ ഏതെങ്കിലും തരത്തിൽ തെറ്റിദ്ധരിച്ചോ, അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നു.”ഇതാണ് നേരത്തെ പറഞ്ഞ ‘ഖേദ പ്രകടനം’. ചുരുക്കി പറഞ്ഞാൽ, ‘ഞാനൊന്നും ചെയ്തിട്ടില്ല ഇനി അഥവാ നിങ്ങൾക്കങ്ങനെ എങ്ങാനും തോന്നിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. അതെ വളരെ മികച്ച ഒരു ഖേദ പ്രകടനം.

കബീർ മുതുപറമ്പയും വി എ വഹാബും കുറ്റാരോപിതരായിരുന്നു. ഹരിതയിലെ പെൺകുട്ടികൾ ‘മച്ചികളാണെന്നും പ്രസവിക്കാത്ത പ്രത്യേക തരം ഫെമിനിസ്റ്റുകളാണെന്നും’ താഴെക്കിടയിലുള്ള പ്രവർത്തകർക്കിടയിൽ പ്രചരണം നടത്തിയെന്ന ഗുരുതരമായ പിഴവാരോപിക്കപ്പെട്ടിട്ടു കബീറെന്ന മാന്യദേഹം മാപ്പു പറഞ്ഞത്‌ ‘രാത്രി ഒമ്പതരക്കു ശേഷം ഫോൺ വിളിക്കരുതെന്നു ഒരു മീറ്റിംഗിനുള്ളിൽ പറഞ്ഞത്‌ -തെറ്റല്ല/ആയി തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഇതാണ് പാർട്ടി സ്വീകരിച്ച നടപടിയുടെ നിലവാരം. “ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകർക്ക് എന്റെ പച്ചമാംസം കൊത്തിവലിക്കാൻ ഇനിയും ഞാൻ നിന്നു തരാം” ഇതും പ്രസിഡന്റ് വകയാണ്. പക്ഷേ വാളിൽ പോയി നോക്കീട്ട് കാര്യല്ല, സാധനം മുക്കീട്ടുണ്ട് ഗുയ്സ്. കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം റിപ്പോർട്ടർ ടിവിയിലെ ചർച്ചയിൽ സംസാരിച്ചതും കണ്ടിട്ടുണ്ടാകുമല്ലോ. ഇത്തരം പ്രയോഗങ്ങൾ ഒന്നും ഒരു തെറ്റായി തോന്നത്തതാണ് ഏറ്റവും ഭീകരമായ അവസ്ഥ. തന്റെ ഭർത്താവ് താനടക്കമുള്ള ഹരിതയിലെ പെൺകുട്ടികളെ ‘തൊലിച്ചികൾ’ എന്ന് വിളിച്ചത് തെറ്റായി തോന്നാത്ത ‘നല്ല പാതി’കൾ ഉള്ളതാണ് അതിലും ഭീകരമായ അവസ്ഥ.
തികച്ചും വ്യക്തികളുടെ മനോഭാവത്തിനെതിരെയുള്ള ഈ പോരാട്ടത്തെ ഗ്രൂപ്പ് വൽക്കരിക്കരുത്. കാരണം ഞങ്ങൾ അടങ്ങുന്നതെന്ന് നിങ്ങൾ പറയുന്ന ഗ്രൂപ്പിലെ പല നേതാക്കളും ഹരിതക്കൊപ്പമല്ല. കേവലം വേശ്യ പരാമർശമല്ല, ഹരിതക്കാർ യാസർ എടപ്പാൾ എന്ന സൈബർ ക്രിമിനലിനാൽ നിയന്ത്രിക്കപ്പെടുന്ന, നയിക്കപ്പെടുന്ന ഒരു ടീമാണ് എന്നും, അങ്ങനെയാണെങ്കിൽ അയാൾക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ വീഡിയോ അടക്കം അയാളുടെ കയ്യിലുണ്ടെന്നും കേസു കൊടുത്താൽ ഹരിതയിലെ പല കുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരും എന്നൊക്കെ അതേ കമ്മിറ്റിയിൽ ഈ മാന്യദേഹം പറഞ്ഞിട്ടുണ്ട്‌..!

വ്യക്തിപരമായി വളരെ അധികം വേദനിപ്പിക്കുന്ന വാക്കുകളായതിനാലാണ് ആ പത്തുപേരിൽ ഒരാളായി ഒപ്പു വച്ചത്. ഇന്നും ആ നിലപാടിൽ ഉറച്ച് നിൽക്കുന്നു. അവസാനിപ്പിക്കുകയാണ് ഈ പോസ്റ്റും പ്രത്യക്ഷ രാഷ്ട്രീയവും. ഫാറൂഖ് കോളേജാണ് ലീഗ് എന്താണെന്നും, എം എസ് എഫ് എങ്ങനെയാണെന്നും, ഹരിത എന്തിനാണെന്നും പഠിപ്പിച്ചു തന്നത്. പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇന്നും വിശ്വസിക്കുന്നു കാരണം ഈ പ്രസ്ഥാനത്തിന്റെ അഭിമാനകരമായ അസ്ഥിത്വം മുന്നോട്ട് വയ്ക്കുന്ന ആദർശം പഠിച്ചാണ് ലീഗ് കാരിയായത്.
ഫാറൂഖ് കോളേജിന്റെ മണ്ണിൽ നിന്നും വിദ്യാർത്ഥി യൂണിയന്റെ ആദ്യ ചെയർപേഴ്‌സണായി ചരിത്രത്തിന്റെ ഭാഗമായി ഈ പ്രസ്ഥാനത്തിന്റെ ആർജവമുള്ള നിലപാടായതിൽ ഏറെ അഭിമാനമുണ്ട്. ഇന്ന് സെപ്റ്റംബർ 11, ഹരിത നിലവിൽ വന്നിട്ട് പത്തുവർഷം തികയുന്നു. പടിയിറങ്ങുകയാണ് സംതൃപ്തിയോടെ അഭിമാനത്തോടെ. അതിലേറെ ആർജ്ജവത്തോടെ ഈ സമരവുമായ് മുന്നോട്ട് പോകുക തന്നെ ചെയ്യും. പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന കമ്മറ്റിക്ക് ആശംസകൾ. Don’t be blind slaves to male arrogance.

Story Highlight: Minah Jaleel’s fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here