‘മോർഗൻ എന്നോട് കാര്യമായി സംസാരിക്കാറില്ല’; കെകെആർ ക്യാമ്പിൽ പ്രശ്നങ്ങളുണ്ടെന്ന തുറന്നുപറച്ചിലുമായി കുൽദീപ് യാദവ്

കൊൽക്കത്ത നൈറ്റ് റൈഡെഴ്സ് ക്യാമ്പിൽ പ്രശ്നങ്ങളുണ്ടെന്ന തുറന്നുപറച്ചിലുമായി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ക്യാപ്റ്റൻ ഓയിൻ മോർഗൻ തന്നോട് കാര്യമായ ആശയവിനിമയം നടത്താറില്ലെന്ന് കുൽദീപ് കുറ്റപ്പെടുത്തി. ബെഞ്ചിലിരിക്കേണ്ടി വരുന്നതിൻ്റെ കാരണം പോലും തനിക്ക് അറിയാൻ കഴിയാറില്ല. ക്യാപ്റ്റൻ എങ്ങനെയാണ് തന്നെ വിലയിരുത്തുന്നതെന്നും അറിയില്ല. ഇന്ത്യൻ ടീമിലായിരുന്നെങ്കിൽ ഇതൊക്കെ അറിയാൻ കഴിയുമായിരുന്നു എന്നും ഇന്ത്യൻ സ്പിന്നർ പറഞ്ഞു. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു കുൽദീപ്. (eoin morgan kuldeep yadav)
“നിങ്ങൾ കളിക്കാൻ അർഹരാണെന്നും, ടീമിനായി മത്സരങ്ങൾ ജയിക്കാനാകുമെന്നും ചിലപ്പോഴൊക്കെ നിങ്ങൾക്ക് തോന്നും. എന്നാൽ നിങ്ങൾ കളിക്കാത്തതിന്റെ കാരണം അറിയാൻ കഴിയില്ല. മാനേജ്മെന്റാകട്ടെ 2 മാസത്തേക്കുള്ള പദ്ധതികളുമായാണ് വരുന്നത്. ഇന്ത്യൻ ടീം പ്ലേയിംഗ് ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തപ്പോൾ അവർ നിങ്ങളോട് സംസാരിക്കും. പക്ഷേ ഐപിഎല്ലിൽ അത് സംഭവിക്കില്ല. ആരും എനിക്ക് ഒരു വിശദീകരണവും നൽകിയില്ല. അവർക്ക് എന്റെ കഴിവിൽ വിശ്വാസമില്ലാത്തത് പോലെ തോന്നി. ടീമിന് നിരവധി ഓപ്ഷനുകളുള്ളപ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്. കൊൽക്കത്തക്ക് ഇപ്പോൾ നിരവധി സ്പിൻ ബോളിംഗ് ഓപ്ഷനുകളുണ്ട്.” കുൽദീപ് പറഞ്ഞു.
Read Also : കൊവിഡ് മുന്നണിപ്പോരാളികൾക്ക് ആദരം; ആദ്യ മത്സരം ആർസിബി നീല ജഴ്സിയിൽ കളിക്കും
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
ഐപിഎൽ രണ്ടാം പാദത്തിൽ ബിസിസിഐ നടത്തുക 30,000 ആർടിപിസിആർ പരിശോധനകളാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള വിപിഎസ് ഹെൽത്ത്‌കെയർ ആണ് താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും വൈദ്യ സംബന്ധിയായ സേവനങ്ങൾ നൽകുക. ഇവർ തന്നെ കൊവിഡ് പരിശോധനകളും നടത്തും.
Story Highlight: eoin morgan kuldeep yadav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here