സി.പി.ഐ.എം. ആർക്കും കയറി ചെല്ലാവുന്ന വഴിയമ്പലം: കെ. സുധാകരൻ

ആർക്കും എപ്പോൾ വേണമെങ്കിലും കയറി ചെല്ലാവുന്ന വഴിയമ്പലമായി സി.പി.ഐ.എം. അധംപതിച്ചെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കൂറുമാറ്റക്കാരെയും അവസരവാദികളെയും സ്വീകരിക്കുന്ന അവസ്ഥയിലേക്ക് സി.പി.ഐ.എം. കൂപ്പുകുത്തിയിരിക്കുന്നു. പുറത്താക്കുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന കളക്ഷൻ ഏജന്റായി എ.കെ.ജി സെന്ററും മാറി.
കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുറത്തുപോയ കെ.പി.അനിൽകുമാർ സി.പി.ഐ.എമ്മിൽ പ്രവേശിച്ചതിന് പിന്നാലെയാണ് കെ. സുധാകരന്റെ പ്രതികരണം. ഗുരുതരമായ അച്ചടക്ക ലംഘനമാണ് അനിൽ കുമാർ നടത്തിയതെന്നാണ് കെ. സുധാകരൻ ആരോപിച്ചത്. അദ്ദേഹം നൽകിയ വിശദീകരണം തികച്ചും നിരുത്തരവാദപരമായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.
Read Also : സംഘപരിവാർ മനസുള്ള ഒരാൾ കോൺഗ്രസിന് നേതൃത്വം നൽകുന്നു; കെ സുധാകരനെതിരെ കെ പി അനില്‍കുമാര്‍
കെ.പി അനിൽ കുമാറിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. അതിൽ പുനരാലോചന ഇല്ലെന്നും സുധാകരൻ പറഞ്ഞു. കെ പി അനിൽ കുമാറിന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം കിട്ടാത്തതിൽ നിരാശബോധമുണ്ടെന്നും പ്രസിഡന്റ് ആക്കണം എന്ന് അനിൽ ആവശ്യപ്പെട്ടിരുന്നുവെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ താൻ രാജിവച്ച ശേഷമാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുക്കുന്നതായി കെപിസിസി അധ്യക്ഷൻ പറഞ്ഞതെന്ന് കെ പി അനിൽ കുമാർ പറയുന്നു. കെ സുധാകരനെതിരെ രൂക്ഷ വിമർശനമാണ് കെപി അനിൽകുമാർ ഉന്നയിച്ചത്. സംഘപരിവാർ മനസുള്ള ഒരാളാണ് കോൺഗ്രസിന് നേതൃത്വം നൽകുന്നതെന്ന് വിമർശനം. കെ പി സി സി യിൽ നടക്കുന്നത് ഏകാധിപത്യ പ്രവണതയാണ്. താലിബാൻ അഫ്‌ഗാൻ പിടിച്ചെടുത്ത പോലെയാണ് കെ സുധാകരന്റെ നടപടികൾ. ഗ്രൂപ്പിസത്തിന്റെ ഭാഗമാകാതിരുന്നതിനാൽ തന്നെ പാർട്ടിയുടെ ഏഴയലത്ത് അടുപ്പിച്ചില്ലെന്ന് കെ പി അനിൽകുമാർ പറഞ്ഞു.
Read Also : ‘കോൺഗ്രസിൽ സംഘപരിവാറുകാരില്ല’; കെ.പി. അനിൽകുമാറിന്റെ മറുപടി തൃപ്തികരമല്ല: വി.ഡി. സതീശൻ
യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞ ശേഷം പാർട്ടി മറ്റ് പദവികൾ നൽകിയില്ല. അഞ്ച് വര്ഷം പരാതി പറയാതെ പാർട്ടിയിൽ പ്രവർത്തിച്ചു. നാല് പ്രസിഡന്റുമാർക്കൊപ്പമാണ് പ്രവർത്തിച്ചത്. കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. 2016 ൽ കൊയിലാണ്ടി സീറ്റ് നിഷേധിച്ചു. പക്ഷെ പരസ്യമായി പൊട്ടിത്തെറിച്ചില്ല. നീതിനിഷേധമാണ് ഇന്ന് കോൺഗ്രസിൽ നടക്കുന്നതെന്നും കെ പി അനിൽകുമാർ ആരോപിച്ചു.
എ വി ഗോപിനാഥിനും പി എസ് പ്രശാന്തിനും ശേഷം കോൺഗ്രസ് വിടുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ് അനിൽ കുമാർ. അഞ്ച് വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി അനിൽകുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2006 ലും 2011 ലും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
Story Highlight: K Sudhakaran against CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here