പിഎസ്ജിക്കും റയലിനും ജയം; യുവന്റസിനും എസി മിലാനും സമനില

സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് ജയം. വലൻസിയക്കെതിരെ നടന്ന എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ വിജയിച്ചത്. 86ആം മിനിട്ട് വരെ ഒരു ഗോളിനു പിന്നിൽ നിന്ന റയൽ അവസാന മിനിട്ടുകളിലെ ഗോളുകളിലൂടെ ജയം പിടിക്കുകയായിരുന്നു. വിനീഷ്യസ് ജൂനിയറും കരീം ബെൻസേമയുമാണ് റയലിൻ്റെ ഗോൾ സ്കോറർമാർ. ഹ്യൂഗോ ഡൂറോ വലൻസിയയുടെ ആശ്വാസ ഗോൾ നേടി. (psg real madrid won)
കളിയുടെ സമസ്ത മേഖലകളിലും റയൽ മുന്നിൽ നിന്നെങ്കിലും വലൻസിയെ പ്രതിരോധം കീഴടങ്ങാതെ പിടിച്ചുനിൽക്കുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്. ഫൈനൽ തേർഡിലെ പ്രകടനങ്ങളും റയലിനു തിരിച്ചടിയായി. രണ്ടാം പകുതിയിലും ഇതേ രീതി തുടർന്നു. എന്നാൽ, 66ആം മിനുട്ടിൽ ഒഴുക്കിനെതിരായി വലൻസിയ സ്കോർ ചെയ്തു. ഹ്യൂഗോ ഡൂറോയാണ് വലൻസിയക്ക് ലീഡ് സമ്മാനിച്ചത്. ഗോൾ നേടിയതോടെ പ്രതിരോധം കനപ്പിച്ച വലൻസിയ ഒരു ഗോൾ ജയത്തിലേക്ക് നീങ്ങുമ്പോൾ രക്ഷകനായി യുവതാരം വിനീഷ്യസ് ജൂനിയർ എത്തി. തുടർന്ന് രണ്ട് മിനിട്ടുകൾക്ക് ശേഷം കരീം ബെൻസേമയും ബല തുളച്ചു. ലീഗിൽ അഞ്ച് മത്സരങ്ങൾ അവസാനിച്ചപ്പോൾ റയൽ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. 4 ജയവും ഒരു സമനിലയുമാണ് അവർക്കുള്ളത്. 13 പോയിൻ്റുമായി റയലാണ് ലീഗിൽ ഒന്നാമത്.
Read Also : മെസി ഇന്ന് പിഎസ്ജിക്കായി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറും
സൂപ്പർ താരനിര ഉണ്ടെങ്കിലും പെരുമയ്ക്കൊത്ത പ്രകടനം നടത്താൻ കഴിയാത്ത ടീമെന്ന അപഖ്യാതി ഫ്രഞ്ച് ക്ലബ് പിഎസ്ജി തുടർന്നു. ഒളിമ്പിക് ലിയോണിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കഷ്ടപ്പെട്ട് രക്ഷപ്പെട്ട ഫ്രഞ്ച് ക്ലബിനായി നെയ്മർ, മൗറോ ഇക്കാർഡി എന്നിവരാണ് സ്കോർ ചെയ്തത്. ആദ്യം സ്കോർ ചെയ്തത് ലിയോൺ ആയിരുന്നെങ്കിലും പിഎസ്ജി തിരികെ വരികയായിരുന്നു.
പിഎസ്ജിക്കായി മെസി, നെയ്മർ, എംബാപ്പെ, ഡിമരിയ എന്നിവരൊക്കെ കളത്തിലിറങ്ങിയെങ്കിലും 54ആം മിനിട്ടിൽ ലൂക്കാസ് പക്കേറ്റ നേടിയ ഗോളിൽ ലിയോൺ ആണ് മുന്നിലെത്തിയത്. 66ആം മിനിട്ടിൽ ലഭിച്ച പെനൽറ്റി വലയിലെത്തിച്ച് നെയ്മർ പിഎസ്ജിയെ ഒപ്പമെത്തിച്ചു. പിന്നീട് പകരക്കാരനായി എത്തിയ മൗറോ ഇക്കാർഡി രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പിഎസ്ജിയുടെ വിജയഗോൾ നേടുകയായിരുന്നു. 6 മത്സരങ്ങൾ എല്ലാം വിജയിച്ച് 18 പോയിൻ്റുമായി പിഎസ്ജി തന്നെയാണ് ലീഗിൽ ഒന്നാമത്.
ഇറ്റാലിയൻ ലീഗിൽ യുവൻ്റസ്-എസി മിലാൻ കളി സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. നാലാം മിനിട്ടിൽ ആൽവാരോ മൊറാട്ടയിലൂടെ മുന്നിലെത്തിയ യുവൻ്റസിനെ 76ആം മിനിട്ടിൽ ആൻഡെ റെബിച്ചിലൂടെയാണ് എസി മിലാൻ സമനിലയിൽ തളച്ചത്. സീസണിൽ 4 മത്സരങ്ങൾ കളിച്ചെങ്കിലും ഇതുവരെ ഒരു ജയം പോലും നേടാൻ യുവൻ്റസിനായിട്ടില്ല. രണ്ട് വീതം ജയവും തോൽവിയും അടക്കം 2 പോയിൻ്റുമായി ലീഗിൽ 18ആം സ്ഥാനത്താണ് യുവൻ്റസ്. 4 മത്സരങ്ങളിൽ 3 ജയവും ഒരു സമനിലയും സഹിതം 10 പോയിൻ്റുമായി എസി മിലാൻ രണ്ടാമതുണ്ട്.
Story Highlights : psg real madrid won juventus drew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here