അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടറെ പുറത്താക്കി താലിബാൻ

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ഹാമിദ് ഷിൻവാരിയെ പുറത്താക്കി താലിബാൻ ഭരണകൂടം. താലിബാൻ നേതാവ് സിറാജുദ്ദീൻ ഹഖാനിയുടെ സഹോദരൻ അനസ് ഹഖാനിയെയാണ് പകരം ഈ സ്ഥാനത്ത് നിയമിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഷിൻവാരി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കത്. പുറത്താക്കാനുള്ള കാരണം അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Taliban ACB Hamid Shinwari)
അഫ്ഗാനിസ്ഥാനിൽ ഐപിഎൽ ക്രിക്കറ്റിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഐപിഎൽ സംപ്രേക്ഷണം രാജ്യത്ത് വേണ്ട എന്നാണ് താലിബാൻ തീരുമാനം. അനിസ്ലാമികമായ പലതും ഐപിഎലിൽ കാണുന്നു, ചിയർ ഗേൾസിന്റെ നൃത്തവും മത്സരം കാണാനെത്തുന്നവർ മുടി പുറത്തുകാണിക്കുന്നതുമെല്ലാം നിരോധനത്തിന് കാരണമായി താലിബാൻ ചൂണ്ടികാണിക്കപ്പെടുന്നു.
അതേസമയം, തങ്ങൾ വനിതാ ക്രിക്കറ്റിനെ പിന്തുണയ്ക്കുമെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ അസീസുള്ള ഫസ്‌ലി. വനിതാ ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള യാതൊരു തീരുമാനവും പുതിയ സർക്കാർ അറിയിച്ചിട്ടില്ല. ടെസ്റ്റ് മത്സരം മാറ്റിവച്ചതിൽ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചർച്ച നടത്തിയെന്നും ഉടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കുമെന്നും എസിബി ചെയർമാൻ കൂട്ടിച്ചേർത്തു.
Read Also : വനിതാ ക്രിക്കറ്റിനെ പിന്തുണയ്ക്കും; അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
“ഞങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചർച്ച നടത്തി. ടെസ്റ്റ് മത്സരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. രാജ്യത്തെ പുതിയ ഭരണകൂടം മുൻഗണനാ ക്രമമനുസരിച്ചുള്ള കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. വനിതാ ക്രിക്കറ്റുമായി ബന്ധപ്പെട്ട് അവർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, വനിതാ ക്രിക്കറ്റിനെ തുടർന്നും പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”- അസീസുള്ള ഫസ്‌ലി വ്യക്തമാക്കി.
വനിതാ ക്രിക്കറ്റിനോട് അഫ്ഗാൻ ഭരണകൂടം സ്വീകരിക്കുന്ന നടപടിയോടുള്ള പ്രതിഷേധമായാണ് ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ നിന്ന് പിന്മാറിയത്. നവംബർ 27നായിരുന്നു അഫ്ഗാനിസ്ഥാൻ-ഓസ്‌ട്രേലിയ മത്സരം നടക്കേണ്ടത്. ആഗോളതലത്തിൽ വനിത ക്രിക്കറ്റ് വികസനം ഓസ്‌ട്രേലിയയെ സംബന്ധിച്ചടത്തോളം പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് അഫ്ഗാൻ ഭരണകൂടം നേരത്തെ വനിതകളെ വിലക്കിയിരുന്നു. ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന കായിക മത്സരങ്ങൾ അനുവദിക്കില്ലെന്ന് താലിബാൻ വക്താവ് അറിയിച്ചു. മുഖം മറയ്ക്കാതെയും പ്രത്യേക വസ്ത്രം ധരിച്ചുമുള്ളതാണ് ക്രിക്കറ്റ്. ഇത് ഇസ്ലാം മതവിശ്വാസികളായ സ്ത്രീകൾക്ക് യോജിച്ചതല്ല. സോഷ്യൽ മീഡിയയിൽ ഇതിന്റെ വിഡിയോകളും ചിത്രങ്ങളും പ്രചരിക്കുമെന്നും താലിബാൻ വക്താവ് അറിയിച്ചിരുന്നു.
Story Highlights : Taliban sack ACB executive director Hamid Shinwari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here