Advertisement

സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് മരണം റിപ്പോർട്ട് ചെയ്തു

September 22, 2021
Google News 2 minutes Read
kerala reports black fungus death

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു മരണം. ( kerala reports black fungus death )

ഇന്നലെ വൈകീട്ട് 6.15 ഓടെയാണ് അഹമ്മദ് കുട്ടി മരിക്കുന്നത്. ഈ മാസം 16ന് അദ്ദേഹം കൊവിഡ് നെ​ഗറ്റീവായിരുന്നു. ഇതിന് പിന്നാലെ ബ്ലാക്ക് ഫം​ഗസ് രോ​ഗം സ്ഥിരീകരിക്കുകയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ 52 വ്യക്തികളാണ് ബ്ലാക്ക് ഫം​ഗസ് ബാധയേറ്റ് ചികിത്സ തേടിയത്.

അതേസമയം, ഇന്നലെ എറണാകുളത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെയാണ് മാരക രോഗം പിടിപെട്ടത്. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്ലാണ്.

Read Also : കൊവിഡ് രോ​ഗികളെ മാത്രമാണോ ബ്ലാക്ക് ഫംഗസ് ബാധിക്കുക ? ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടിയുമായി ഡോ.രാജേഷ്

എന്താണ് ബ്ലാക് ഫം​ഗസ് ?

ബ്ലാക്ക് ഫംഗസ് എന്ന രോഗത്തിന്റെ ശരിയായ പേര് മ്യൂക്കോര്‍മൊക്കോസിസ് എന്നാണ്. അതിന് കറുപ്പ് ഫംഗസുമായി ബന്ധമില്ല. മ്യൂക്കറൈല്‍സ് വിഭാഗത്തില്‍പ്പെട്ട ഫംഗസാണ് ഈ രോഗമുണ്ടാക്കുന്നത്. ഈ രോഗാണു നമ്മുടെ രക്തക്കുഴലിനെയാണ് ബാധിക്കുന്നത്. രക്തക്കുഴലില്‍ പ്രവേശിച്ച് അത് ബ്ലോക്ക് ചെയ്യുകയും രക്തയോട്ടം നിലപ്പിക്കുകയും ചെയ്യുന്നു മാത്രമല്ല ആ രക്തക്കുഴല്‍ പോകുന്ന ഭാഗം മുഴുവന്‍ നിര്‍ജീവമാക്കുകയും ചെയ്യുന്നു.

ഇങ്ങനെ രക്തയോട്ടം ഇല്ലാതെ വരുമ്പോള്‍ ആ ഭാഗത്തിന് കറുത്ത നിറമാകുന്നു. ഒരുപക്ഷെ ഈ കറുത്ത നിറം കാണുന്നതുകൊണ്ടാകാം ബ്ലാക്ക് ഫംഗസ് എന്ന് പേര് വന്നത്. യെല്ലോ ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഫംഗസിന്റൈ വിഭാഗത്തെക്കുറിച്ചുള്ള കൂടുതല്‍ കണ്ടെത്തലുകള്‍ നടന്നിട്ടില്ല. ക്യാന്‍ഡിഡ എന്നു പറയുന്ന ഫംഗസ് ആണ് വൈറ്റ് ഫംഗസ് രോഗത്തിന് കാരണം. ഒരുപക്ഷെ ഈ ഫംഗസിനെ വെള്ളനിറമായതിനാലാവാം വൈറ്റ് ഫംഗസ് എന്ന് അറിയപ്പെടുന്നത്. വൈറ്റ് ഫംഗസിനെക്കുറിച്ചും യെല്ലോ ഫംഗസിനെക്കുറിച്ചും നിലവില്‍ വ്യാകുലപ്പെടേണ്ട സാഹചര്യം ഇല്ല.

ബ്ലാക്ക് ഫംഗസ് പണ്ടു മുതലേ ഇന്ത്യയില്‍ ഉണ്ടായിരുന്ന രോഗമാണ്. ഇപ്പോള്‍ ഇത്രയ്ക്ക് ഗുരുതരമാകാനുള്ള കാരണം. ഉറവിടം ?

ഉത്തരം- മണ്ണിലും വായുവിലുമെല്ലാം മ്യൂക്കോര്‍മൈക്കോസിസ് ഫംഗസ് ഉണ്ട്. എന്നാല്‍ അത് രോഗം ഉണ്ടാക്കണമെന്നില്ല. പ്രതിരോധശക്തി കുറഞ്ഞ അവസ്ഥയിലാണ് രോഗമായി ബാധിക്കാറുള്ളത്. മുന്‍പ് പലപ്പോഴും പലരിലും ഈ രോഗം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്ന് ഇത്രയധികം സ്റ്റാറ്റിസ്റ്റിക്‌സുകളിലേക്ക് നാം പോയിട്ടില്ല. കൊവിഡ് കാലത്ത് ബ്ലാക്ക് ഫംഗസ് രോഗബാധിതരും മുന്‍പത്തേക്കാള്‍ കൂടുതലാണ്.

കൊവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് രോഗമുണ്ടാകാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ടാകം. കൊവിഡ് വൈറസ് തന്നെ ഷുഗര്‍ വാല്യൂസ് നോര്‍മല്‍ ആക്കാന്‍ സഹായിക്കുന്ന ഇന്‍സുലിന് റെസിസ്റ്റന്‍സ് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഷുഗര്‍ വാല്യൂ കൂടുതലുള്ളവര്‍ക്ക് കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. അയണ്‍ കണ്ടന്റ് കുറവും കൊവിഡ് വര്‍ധിക്കാന്‍ കാരണമാണ്. അതും ഈ ഒരവസ്ഥയില്‍ ബ്ലാക്ക് ഫംഗസ് രോഗവും വര്‍ധിക്കാന്‍ കാരണമാകുന്നു.

രോ​ഗലക്ഷണങ്ങൾ

മുഖത്തെ സ്‌കിന്നില്‍ എവിടെയെങ്കിലും ചെറിയ മാറ്റങ്ങള്‍, തൊടുന്നത് അറിയാതെയിരിക്കുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. അതുപോലെ മുഖത്തിന്റെ ഏതെങ്കിലും ഒരുവശത്ത് അതികഠിനമായ വേദനയും ലക്ഷണമാണ്. കണ്ണിന്റെ ചലനത്തേയും കാഴ്ചയേയും ബാധിക്കുന്ന അസ്വസ്ഥതകള്‍, മൂക്കില്‍ നിന്നും നിറവിത്യാസമുള്ള സ്രവം വരിക എന്നിവയും ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങളാണ്.

പ്രധാനമായും മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെയാണ് ഈ രോഗം ബാധിക്കുക. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ശ്വാസകോശം, കിഡ്‌നി എന്നിവയെയും ബാധിക്കാറുണ്ട്.

പ്രതിരോധ മാർ​ഗങ്ങൾ

സാധാരണ ഒരു വ്യക്തിക്ക് മ്യൂക്കോര്‍മൈക്കോസിസ് രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ രോഗത്തെക്കുറിച്ചുള്ള അറിവും ജാഗ്രതയും നമുക്ക് ഉണ്ടായിരിക്കണം. ഷുഗര്‍ ലെവല്‍ വളരെ കൂടുതലുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഷുഗര്‍ലെവല്‍ എപ്പോഴും നോര്‍മലായിരിക്കാന്‍ ശ്രദ്ധിക്കുക.

Story Highlights : kerala reports black fungus death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here