Advertisement

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിം​ഗ് നടത്തണം : സുപ്രിംകോടതി

September 22, 2021
Google News 2 minutes Read
sc orders auditing padmanabhaswamy temple

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിം​ഗ് നടത്തണമെന്ന് സുപ്രിംകോടതി. പ്രത്യേക ഓഡിറ്റിം​ഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. 25 വർഷത്തെ പ്രത്യേക ഓഡിറ്റ് നടത്തണമെന്ന സുപ്രിംകോടതിയുടെ മുൻ ഉത്തരവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റും ഉൾപ്പെടുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ( sc orders auditing padmanabhaswamy temple )

പ്രത്യേക ഓഡിറ്റിം​ഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യത്തിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി. ട്രസ്റ്റിനെ ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കരുതെന്നായിരുന്നു ഭരണസമിതി നിലപാട്.

Read Also : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവത്തിന്റെ ഭാഗമായ ആറാട്ട് നടന്നു

എന്നാൽ ക്ഷേത്രത്തിലും ക്ഷേത്ര സ്വത്തുക്കളിലും ഓഡിറ്റ് നടത്താനാണ് സുപ്രീംകോടതി ഉത്തരവെന്ന് ട്രസ്റ്റ് വാദിക്കുന്നു. ക്ഷേത്ര ഭരണത്തിലോ, വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റിനെ കൂടി ഓഡിറ്റിം​ഗിലേക്ക് കൊണ്ടുവരാനാണ് ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും തീരുമാനമെന്നും, ഇങ്ങനെ ഓഡിറ്റിം​ഗ് നടത്താൻ സമിതികൾക്ക് അധികാരമില്ലെന്നും ട്രസ്റ്റ് പറയുന്നു.

എന്നാൽ, ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾ കൂടി വഹിക്കാനാണ് ട്രസ്റ്റ് രൂപീകരിച്ചതെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടി. ചില ക്ഷേത്ര സ്വത്തുക്കൾ ട്രസ്റ്റിന്റെ കൈവശമാണ്. അതിനാൽ ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കരുത്. ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ട്രസ്റ്റിന് നിർദേശം നൽകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ട്രസ്റ്റിലും ഓഡിറ്റ് നടത്തണമെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം നൽകിയ ശുപാർശയും ചൂണ്ടിക്കാണിച്ചു. ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സംസ്ഥാന സർക്കാരിന്റെ ധനസഹായം അനിവാര്യമാണെന്നുമുള്ള ഭരണസമിതിയുടെ റിപ്പോർട്ടും പരി​ഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്.

Story Highlights : sc orders auditing padmanabhaswamy temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here