Advertisement

തിങ്കളാഴ്ച്ചത്തെ ഹർത്താൽ അനാവശ്യം; സ്‌കൂളുകൾ തുറക്കുന്നതിൽ ആശങ്കയുണ്ട്; കെ സുരേന്ദ്രൻ

September 24, 2021
Google News 1 minute Read
k surendran against cpim sdpi

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്കയുണ്ടെന്ന് കെ സുരേന്ദ്രൻ. നിലവിൽ കേരളത്തിൽ സ്‌കൂളുകൾ തുറക്കാനുള്ള സാഹചര്യമായിട്ടില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. കൂടാതെ തിങ്കളാഴ്ച്ചത്തെ ഹർത്താൽ അനാവശ്യമെന്നും അത് ജനങ്ങളെ വളരെയധികം ബാധിക്കുമെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനത്തെ ബാധിക്കുന്ന വിഷയത്തിനല്ല ഹർത്താൽ. കേരളത്തിലെ കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ ഇതുവരെ യാതൊരു നടപടിയും സംസ്ഥാന സർക്കാരിൻറെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഒരു ദിവസത്തെ ഹർത്താൽ കൊണ്ട് ആയിരത്തിലധികം കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നും കെ സുരേന്ദ്രൻ. സർക്കാർ ഹർത്താലിൽ നിന്ന് പിന്മാറണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Read Also : ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന. സുരേന്ദ്രന് പകരം ഗ്രൂപ്പിനതീതനായ മറ്റൊരാളെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ ശ്രമം. അതിനിടെ കാലാവധി തികയ്ക്കാൻ അനുവദിക്കണമെന്ന് കെസുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തോട് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും സംസ്ഥാന അധ്യക്ഷനെ മാറ്റുന്ന കാര്യത്തിൽ ബിജെപി കേന്ദ്രനേതൃത്വം തിരക്കിട്ട ചർച്ചയിലാണ്. കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചതും പുന:സംഘടനയെ കുറിച്ച് അഭിപ്രായം ആരായാൻ തന്നെ. പ്രാദേശിക തലം മുതൽ അഴിച്ചുപണി നടത്തി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കർമ്മ പദ്ധതി അവതരിപ്പിച്ച സുരേന്ദ്രൻ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കൊടകര കുഴൽപണക്കേസും തിരഞ്ഞെടുപ്പ് പരാജയവും കോഴക്കേസും ഉൾപ്പെടെ പാർട്ടിയുടെ പ്രതിഛായ തകർത്ത സംഭവങ്ങൾ കേന്ദ്രത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.

സുരേന്ദ്രനെ മാറ്റിയാൽ പകരക്കാരനായി ഒറ്റപ്പേരിലെത്താൻ കേന്ദ്രത്തിനും സാധിച്ചിട്ടില്ല, സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, വൈസ് പ്രസിഡൻ്റ് എഎൻ രാധാകൃഷ്ണൻ എന്നീ പേരുകളാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ടുവെക്കുന്നത്. ആർഎസ്എസിനും ഇവർ അഭിമതരാണ്. എന്നാൽ ഈ രണ്ട് പേരുകളും മുരളീധര പക്ഷത്തിന് സ്വീകാര്യമല്ല. കെ സുരേന്ദ്രൻ തുടരണമെന്നാണ് മുരളീധര പക്ഷത്തിൻ്റെ വാദം.

പഴയപടി തർക്കം തുടരുന്ന സാഹചര്യത്തിൽ ഗ്രൂപ്പിനതീതനായ ഒരാളെ കണ്ടെത്താനും കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങി. സുരേഷ് ഗോപി, വത്സൻ തില്ലങ്കേരി തുടങ്ങി പേരുകൾ ചിലർ മുന്നോട്ടുവെച്ചിട്ടുണ്ട്. പികെ കൃഷ്ണദാസിനെ വീണ്ടും അധ്യക്ഷനാക്കാനും സാധ്യതയുണ്ട്, പകരക്കാരനെ ചൊല്ലി തർക്കം തുടരുന്ന സാഹചര്യത്തിൽ ഡിസംബർ വരെ സുരേന്ദ്രൻ തുടരും, കേന്ദ്ര മന്ത്രി വി മുരളീധരനും ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷും കെ സുരേന്ദ്രനെ നിലനിർത്തണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതു കൊണ്ട് തന്നെ മോദി- അമിത് ഷാ- നദ്ദ ത്രയങ്ങളുടെ തീരുമാനം നിർണായകമാണ്.

Story Highlight: k.surendran-unhappy-about-harthal-school-reopening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here