കുൽദീപ് യാദവ് ഐപിഎലിൽ നിന്ന് പുറത്ത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ചൈനമാൻ ബൗളർ കുൽദീപ് യാദവ് ഐപിഎലിൽ നിന്ന് പുറത്ത്. കാൽമുട്ടിനു പരുക്കേറ്റാണ് താരം പുറത്തായത്. താരത്തിന് 6 മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. സീസണിൽ ഇതുവരെ കൊൽക്കത്തക്കായി കളിക്കാൻ കുൽദീപിനു കഴിഞ്ഞിരുന്നില്ല. (Injury Kuldeep Yadav ipl)
ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് കുൽദീപിനു പരുക്കേറ്റത്. ഫീൽഡ് ചെയ്യുന്നതിനിടെ സാരമായ പരുക്കേറ്റ താരം ഇന്ത്യയിലേക്ക് മടങ്ങിയെന്നും ബിസിസിഐ പ്രതിനിധി അറിയിച്ചു. താരത്തിന് ഉടൻ തന്നെ സർജറി നടത്തുമെന്നാണ് വിവരം. സർജറിക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിസിയോതെറാപ്പിയും ദീർഘകാല പരിശീലനവും നടത്തേണ്ടതുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡെഴ്സ് ക്യാമ്പിൽ പ്രശ്നങ്ങളുണ്ടെന്ന തുറന്നുപറച്ചിലുമായി കുൽദീപ് യാദവ് രംഗത്തെത്തിയിരുന്നു. ക്യാപ്റ്റൻ ഓയിൻ മോർഗൻ തന്നോട് കാര്യമായ ആശയവിനിമയം നടത്താറില്ലെന്ന് കുൽദീപ് കുറ്റപ്പെടുത്തി. ബെഞ്ചിലിരിക്കേണ്ടി വരുന്നതിൻ്റെ കാരണം പോലും തനിക്ക് അറിയാൻ കഴിയാറില്ല. ക്യാപ്റ്റൻ എങ്ങനെയാണ് തന്നെ വിലയിരുത്തുന്നതെന്നും അറിയില്ല. ഇന്ത്യൻ ടീമിലായിരുന്നെങ്കിൽ ഇതൊക്കെ അറിയാൻ കഴിയുമായിരുന്നു എന്നും ഇന്ത്യൻ സ്പിന്നർ പറഞ്ഞു. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു കുൽദീപ്.
“നിങ്ങൾ കളിക്കാൻ അർഹരാണെന്നും, ടീമിനായി മത്സരങ്ങൾ ജയിക്കാനാകുമെന്നും ചിലപ്പോഴൊക്കെ നിങ്ങൾക്ക് തോന്നും. എന്നാൽ നിങ്ങൾ കളിക്കാത്തതിന്റെ കാരണം അറിയാൻ കഴിയില്ല. മാനേജ്മെന്റാകട്ടെ 2 മാസത്തേക്കുള്ള പദ്ധതികളുമായാണ് വരുന്നത്. ഇന്ത്യൻ ടീം പ്ലേയിംഗ് ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തപ്പോൾ അവർ നിങ്ങളോട് സംസാരിക്കും. പക്ഷേ ഐപിഎല്ലിൽ അത് സംഭവിക്കില്ല. ആരും എനിക്ക് ഒരു വിശദീകരണവും നൽകിയില്ല. അവർക്ക് എന്റെ കഴിവിൽ വിശ്വാസമില്ലാത്തത് പോലെ തോന്നി. ടീമിന് നിരവധി ഓപ്ഷനുകളുള്ളപ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്. കൊൽക്കത്തക്ക് ഇപ്പോൾ നിരവധി സ്പിൻ ബോളിംഗ് ഓപ്ഷനുകളുണ്ട്.” കുൽദീപ് പറഞ്ഞു.
അതേസമയം, ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിസിനെ ചെന്നൈ സൂപ്പർ കിംഗ്‌സ് രണ്ട് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജഡേജയുടെ തകർപ്പൻ ബാറ്റിങ് മികവിൽ അവസാന പന്തില്‍ ചെന്നൈയെ ജയത്തിലെത്തുകയായിരുന്നു.
Story Highlights: Injury Kuldeep Yadav out ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here