പാക് പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ടും ന്യൂസീലൻഡും പിന്മാറിയതിൽ ഞങ്ങൾ ഇടപെട്ടിട്ടില്ല: ബിസിസിഐ പ്രതിനിധി

പാക് പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ടും ന്യൂസീലൻഡും പിന്മാറിയതിൽ ബിസിസിഐ ഇടപെട്ടിട്ടില്ലെന്ന് ബിസിസിഐ പ്രതിനിധി. എല്ലായിടത്തും ഇന്ത്യയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും ചില മുൻ താരങ്ങൾ ഒരു കാരണവുമില്ലാതെ ഐപിഎലിനെ ശപിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു. (BCCI Official PCB’s Claims)
“റമീസ് രാജയ്ക്ക് ഞങ്ങളുടെ ആശംസകൾ. അദ്ദേഹത്തിനു കീഴിൽ പാകിസ്താൻ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ. പാകിസ്താനിലേക്കുള്ള പര്യടനത്തിൽ നിന്ന് ന്യൂസീലൻഡും ഇംഗ്ലണ്ടും പിന്മാറിയതിൽ ബിസിസിഐക്ക് യാതൊരു പങ്കുമില്ലെന്ന് അറിയിക്കട്ടെ. ഞങ്ങൾക്ക് അതിനൊന്നും സമയമില്ല. മാത്രമല്ല, ചില മുൻ താരങ്ങൾ ഒരു കാരണവുമില്ലാതെ ഐപിഎലിനെ ശപിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഐപിഎലിൽ നിന്ന് ലഭിക്കുന്ന പണത്തിനായി ഓസ്ട്രേലിയൻ താരങ്ങൾ തങ്ങളുടെ ഡിഎൻഎ വരെ മാറ്റിയെന്ന് റമീസ് രാജ പറഞ്ഞതായി ഞാൻ എവിടെയോ വായിച്ചു. തങ്ങളുടെ സ്വാഭാവികമായ ആക്രമണോത്സുകതയില്ലാതെ ഓസീസ് താരങ്ങൾ ഐപിഎലിൽ കളിക്കുകയാണെന്നാണ് റമീസ് രാജ ആരോപിച്ചത്. ഇവിടെ ഐപിഎൽ എങ്ങനെ വന്നു? ഇത് എത്തരത്തിലുള്ള അസ്വസ്ഥതയാണ്? നിങ്ങൾക്ക് സങ്കടമാണെന്ന് മനസ്സിലായി. പക്ഷേ, ഇന്ത്യയെ എല്ലായിടത്തും വലിച്ചിഴക്കേണ്ട കാര്യമില്ല.”- ബിസിസിഐ പ്രതിനിധി പറഞ്ഞു.
Read Also : ടീമുകൾക്ക് പാകിസ്താനിലേക്ക് വരാൻ താത്പര്യമില്ലെങ്കിൽ വരണ്ട: വസീം അക്രം
സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. സർക്കാർ നിർദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ന്യൂസീലൻഡ് പിന്മാറിയതിനു പിന്നാലെ ഇംഗ്ലണ്ടും ഇതേ തീരുമാനവുമായി രംഗത്തെത്തി. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും പര്യടനത്തിൽ നിന്ന് പിന്മാറുകയാണെന്നും ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾക്കെതിരെ പാകിസ്താൻ നിയമനടപടിക്കൊരുങ്ങുകയാണ്. വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, പിസിബിബ് ചെയർമാൻ റമീസ് രാജയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
Story Highlights: BCCI Official Quashes PCB’s Claims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here