മോന്‍സണ്‍ മാവുങ്കലിന് ശ്രീവത്സം ഗ്രൂപ്പ് ഉടമ കൈമാറിയ പണത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

മോന്‍സണ്‍ മാവുങ്കലിന് ശ്രീവത്സം ഗ്രൂപ്പ് ഉടമ കൈമാറിയ പണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മോന്‍സണിന്റെ അക്കൗണ്ടില്‍ രണ്ട് തവണയായി രാജേന്ദ്രന്‍ പിള്ള നിക്ഷേപിച്ചത് ഒരു കോടി രൂപയാണ്. മേക്കപ്പ്മാന്‍ ജോഷി, ഡ്രൈവര്‍ അജി എന്നിവരുടെ അക്കൗണ്ടിലും ശ്രീവത്സം ഗ്രൂപ്പ് പണമിട്ടു. മോന്‍സണിന് ശ്രീവത്സം ഗ്രൂപ്പ് ആകെ നല്‍കിയത് 6 കോടി 27 ലക്ഷം രൂപയാണ്.
അതിനിടെ മോന്‍സണ്‍ മാവുങ്കലിനെ മറ്റൊരു കേസിലും പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1.68 കോടി രൂപ തട്ടിയെന്ന് കാണിച്ചാണ് രാജീവ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.
Story Highlights: monson sreevalsam group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here