Advertisement

ലൈംഗിക വിദ്യാഭ്യാസം എന്ത്? എന്തിന്?

October 5, 2021
2 minutes Read
importance sex education school
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഏർപ്പെടുത്തണമെന്ന സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് വിവിധ ചർച്ചകളാണ് ഉയരുന്നത്. പ്രസ്താവനയെ അനുകൂലിച്ച് ഒട്ടേറെ ആളുകളെത്തുന്നുണ്ടെന്നത് സന്തോഷം പകരുന്ന കാര്യമാണെങ്കിലും തീരുമാനത്തെ എതിർത്തും പരിഹസിച്ചും മറ്റൊരു വിഭാഗം നമുക്കിടയിലുണ്ടെന്നത് ആശങ്കപ്പെടുത്തുന്നതാണ്. വാർത്ത റിപ്പോർട്ട് ചെയ്ത 24 അടക്കമുള്ള മാധ്യമസ്ഥാപനങ്ങളുടെ കമൻ്റ് ബോക്സ് എടുത്തുനോക്കിയാൽ തന്നെ എന്തിന് ലൈംഗിക വിദ്യാഭ്യാസം വേണം എന്ന ചോദ്യത്തിന് മറുപടി ലഭിക്കും. (importance sex education school)

ലൈംഗിക വിദ്യാഭ്യാസമെന്നാൽ സ്കൂളിൽ പോൺ വിഡിയോ പ്രദർശിപ്പിക്കലാണെന്ന മൂഢസ്വർഗത്തിൽ അഭിരമിക്കുന്നവരാണ് മേല്പറഞ്ഞവരിൽ പലരും. ആ ചിന്തയിൽ നിന്നാണ് നമുക്ക് ഓക്കാനം വരുന്ന കമൻ്റുകളുണ്ടാവുന്നത്. ഒന്നാമതായി, ലൈംഗിക വിദ്യാഭ്യാസം എന്നാൽ ലൈംഗിക ബന്ധപ്പെറ്റി മാത്രമല്ല. ലിംഗ ബോധം, സുരക്ഷ, ലൈംഗികാരോഗ്യം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ലൈംഗിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്നത്. ഇതിലെല്ലാം ഉപരിയായി സ്വന്തം ശരീരത്തിൽ നമുക്കുള്ള അവകാശങ്ങളെപ്പറ്റിയാണ് ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കുന്നത്. തൊടലുകൾ തിരിച്ചറിയുക, ലൈംഗിക ചൂഷണത്തെ ചെറുക്കുക, സ്വരമുയർത്താനറിയുക എന്നിങ്ങനെ സെക്സ് എജ്യുക്കേഷൻ മാനസികമായും ശാരീരികമായും ഒരാൾക്ക് നൽകുന്ന കരുത്ത് ചെറുതല്ല.

ലൈംഗികതയെന്നാൽ നമ്മുടെ സമൂഹത്തിൽ മറച്ചുവച്ചിരിക്കുന്ന ഒന്നാണ്. പ്രത്യുത്പാദനത്തെപ്പറ്റിയുള്ള ഹൈ സ്കൂളിലെ പാഠം പഠിപ്പിക്കാതെ പോയിട്ടുള്ള അധ്യാപകർ നമുക്കുണ്ടാവും. ലൈംഗികതയെപ്പറ്റി സംസാരിക്കാനോ വായിക്കാനോ സമ്മതിക്കാത്ത മാതാപിതാക്കളും ബന്ധുക്കളും അധ്യാപകരുമൊക്കെ നമുക്ക് ഉണ്ടാവും. അതുകൊണ്ടൊക്കെയാണ് പോൺ വിഡിയോകൾ കണ്ട് സെക്സിനെപ്പറ്റി പഠിക്കാൻ നമ്മളിൽ പലരും ശ്രമിച്ചിട്ടുണ്ടാവുക. ലൈംഗികതയെപ്പറ്റി സംസാരിച്ചിരുന്നെങ്കിൽ, മോശം സ്പർശനങ്ങൾ തിരിച്ചറിയാൻ പ്രാപ്തരായിരുന്നെങ്കിൽ ജീവിതത്തിൽ പലപ്പോഴും നമുക്ക് വേണ്ട രീതിയിൽ പ്രതികരിക്കാൻ സാധിച്ചേനെ എന്ന് നമ്മളിൽ പലരും ചിന്തിക്കുന്നുണ്ടാവും. ‘നോ’ പറയാൻ പഠിക്കൽ ലൈംഗിക വിദ്യാഭ്യാസത്തിൽ നിന്ന് ആർജിച്ചെടുക്കാൻ കഴിയുന്നതാണ്. ലിംഗവ്യതിയാനമില്ലാതെ പലരും ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരായിട്ടുണ്ടാവും. അത് നടക്കാതിരിക്കാനാണ് ലൈംഗിക വിദ്യാഭ്യാസം. അത് നടന്നാൽ പ്രതികരിക്കാനാണ് ലൈംഗിക വിദ്യാഭ്യാസം.

Read Also : സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

കൗമാര ഗർഭധാരണം, ലൈഗിക രോഗങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ സംഭവിക്കുന്നത് ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ കുറവ് മൂലമാണ്. സേഫ് സെക്സിനെപ്പറ്റി മനസ്സിലാക്കാനും ഗർഭഛിദ്രം മോശമാണെന്നുമുള്ള ചിന്തകളെ മാറ്റിനിർത്താനും തീർച്ചയായും ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമാണ്. സ്ത്രീയുടെ അവകാശങ്ങളും അത് ഹനിക്കപ്പെട്ടാലുള്ള ശിക്ഷയും എന്തൊക്കെയാണെന്ന പ്രാക്ടിക്കൽ ബോധവും ലൈംഗിക വിദ്യാഭ്യാസം നൽകുന്നുണ്ട്.

ഒരു ബലാത്സംഗം നടക്കുമ്പോൾ, പ്രണയത്തിൻ്റെ പേരിലെന്നവകാശപ്പെട്ടുള്ള ഒരു കൊലപാതകം നടക്കുമ്പോൾ എന്തുകൊണ്ടാണ് ആളുകൾ ഇരയെ അല്ലെങ്കിൽ സർവൈവറെ കുറ്റപ്പെടുത്തുന്നത്? അവളുടെ വസ്ത്രധാരണമാണ്, അവൾ അസമയത്ത് ഇറങ്ങിനടന്നിട്ടാണ്, അവൾ ആണുങ്ങളുമായി ഇടപഴകിയിട്ടാണ്, അവൾ ആണുങ്ങളുമായി ഒറ്റക്ക് യാത്ര ചെയ്തിട്ടാണ്, അവള് തേച്ചിട്ടാണ്. അല്ല! പെണ്ണിൻ്റെ തീരുമാനത്തെ ബഹുമാനിക്കാൻ ആണിനറിയാത്തതു കൊണ്ടാണ്. ഒരു പുരുഷനുമായി ഒരു സ്ത്രീ ഒരുമിച്ച് യാത്ര ചെയ്താൽ, ഭക്ഷണം കഴിച്ചാൽ, ഇടപഴകിയാൽ അത് സെക്സിലേക്കുള്ള അവളുടെ ക്ഷണമല്ല. അത് തിരിച്ചറിയാൻ പുരുഷനും ഈ സമൂഹത്തിനും സാധിക്കണം. പ്രണയം വേർപെടുത്താൻ ആളുകൾക്ക് അവകാശമുണ്ടെന്നറിയണം. ടോക്സിക്ക് ബന്ധങ്ങളിൽ പെട്ട് സ്വയം ജീവിതം ഹോമിച്ചുകളഞ്ഞവരുടെ ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അത് ശരിയല്ല. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയാലുടൻ കൊല്ലാൻ തുനിഞ്ഞിറങ്ങലല്ല ശരി. ബലാത്സംഗത്തിൻ്റെ കാരണം പെണ്ണല്ല, പെണ്ണിൻ്റെ ശരീരത്തിൽ തനിക്കവകാശമുണ്ടെന്ന് കരുതുന്ന ആണ് തന്നെയാണ്. സ്വന്തം ശരീരത്തിൽ അവനവനല്ലാതെ മറ്റൊരാൾക്കും ഒരു അവകാശവുമില്ല.

അതൊക്കെ മനസ്സിലാക്കാനാണ് ലൈംഗിക വിദ്യാഭ്യാസം വേണ്ടത്!

Story Highlights: importance of sex education in school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement