Advertisement

സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

October 4, 2021
2 minutes Read
sex education women commission

സ്കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തും. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാൻ പ്രത്യേക ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും വനിതാ കമ്മീഷൻ അറിയിച്ചു. (sex education women commission)

പാലാ സെന്റ് തോമസ് കോളജിൽ വച്ച് സഹപാഠി കുത്തിക്കൊലപ്പൊടുത്തിയ നിതിനാ മോളുടെ വീട് സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് വനിതാ കമ്മീഷൻ അധ്യക്ഷ നിലപാട് വ്യക്തമാക്കിയത്. ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി ഉണ്ടാകാറുള്ളത് എന്ന് സതീദേവി വ്യക്തമാക്കി. അതിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. എന്നാൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാൽ നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവത്കരണം നൽകാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്ടുകൾ കൊണ്ടുവരണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് ഗൗരവമേറിയ പഠനം വേണം. 10- 12 വയസുള്ള കുട്ടികൾ പോലും പ്രണയത്തിലകപ്പെടുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം ഇടപെടുന്ന കൗമാരക്കാരിൽ പല അബദ്ധധാരണകളുമുണ്ട് എന്നും അഡ്വക്കേറ്റ് സതീദേവി കൂട്ടിച്ചേർത്തു.

Read Also : നിതിനയുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ; കുടുംബത്തെ സഹായിക്കാൻ വേണ്ട നടപടി സ്വീകരിക്കും

രണ്ട് ദിവസങ്ങൾക്കു മുൻപാണ് പാല സെന്റ് തോമസ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനി നിതിന മോൾ സഹപാഠിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറുക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുംമുൻപേ നിതിന മരണപ്പെട്ടു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊലയെന്നായിരുന്നു അഭിഷേകിന്റെ മൊഴി. നിതിനയെ കൊലപ്പെടുത്താൻ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഒരാഴ്ച മുൻപ് അഭിഷേക് മൂർച്ചയുള്ള ബ്ലേഡ് വാങ്ങി കരുതിയത് നിതിനയെ കൊലപ്പെടുത്താനാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, നിതിനയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അഭിഷേകിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് അഭിഷേകിനെ ഹാജരാക്കിയത്.

Story Highlights: sex education school women commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement