Advertisement

‘പതിയെ ബുളീമിയയുടെ അതിതീവ്ര അവസ്ഥയിൽ ഞാൻ എത്തി’; രോഗാവസ്ഥയെ കുറിച്ച് പാർവതി

October 8, 2021
Google News 4 minutes Read
parvathy about bulimia

ബോഡി ഷെയ്മിംഗിലൂടെ കടന്ന് പോകാത്തവരായി ആരും തന്നെയുണ്ടാകില്ല. തൊലി നിറത്തിന്റെ പേരിൽ, ശരീരാകൃതിയുടെ പേരിൽ, മുടിയുടെ സ്വഭാവത്തിന്റെ പേരിൽ, പല്ലുകൾ, നഖങ്ങൾ, കൈകൾ, കാലുകൾ തുടങ്ങി മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളും സോഷ്യൽ ഓഡിറ്റിംഗിന് നിരന്തരം വിധേയമാകുന്ന ഭീകര അവസ്ഥയിലൂടെ കടന്ന് പോയവർക്കറിയാം തങ്ങൾ ആ ഘട്ടത്തിൽ അനുഭവിച്ച ആത്മസംഘർഷങ്ങളും, സങ്കടവും, അരക്ഷിതാവസ്ഥയും, ആത്മവിശ്വാസക്കുറവും എത്ര വലുതും ആഴത്തിലുള്ളവയുമായിരുന്നുവെന്ന്. ( parvathy about bulimia )

മെലിഞ്ഞിരിക്കുന്നവരോട്, നിരന്തരം ചുറ്റുമുള്ള സമൂഹം ഓർമിപ്പിച്ചുകൊണ്ടേയിരിക്കും ‘നീ മെലിഞ്ഞതാണ്, നീ വിരൂപയാണ്, ആരോഗ്യമില്ലാത്തവളാണ്’ എന്ന്. ഓരോ തവണയും പറ്റാവുന്നതിലുമധികം ഭക്ഷണം കഴിക്കാൻ പാടുപെട്ട് ഒടുവിൽ പരാജയപ്പെട്ട് ഛർദിച്ഛ് തളർന്നിരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ ആലോചിച്ച് നോക്കിയിട്ടുണ്ടോ ?

സമൂഹം കൽപിച്ച അഴകളവുകളേക്കാൾ ഒരൽപം തടി കൂടിയവരുടെ അവസ്ഥയും സമാനമാണ്. ഓരോ തവണ വിശക്കുമ്പോഴും, സമൂഹത്തെ ഭയന്ന് വിശപ്പ് സഹിച്ച് ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത മാനസികാവസ്ഥയിലേക്ക് ചുറ്റുമുള്ളവർ ഇവരെ തള്ളിവിടുന്നു.

Read Also : അനോറക്‌സിയ എന്ന ഭീകരമായ അവസ്ഥയിൽ നിന്ന് ആരോഗ്യകരമായ ജീവിതത്തിലേക്ക്; ഇത് അതിജീവനത്തിന്റെ കഥ

സമാന അനുഭവം പങ്കുവയ്ക്കുകയാണ് നടി പാർവതി തിരുവോത്ത്. തടിച്ചിരുന്നതിന്റെ പേരിൽ കേട്ട ‘ഉപദേശങ്ങളും’, പരിഹാസങ്ങളും ബുളീമിയ എന്ന രോഗത്തിന്റെ തീവ്രമായ അവസ്ഥയിലേക്കാണ് തന്നെ എത്തിച്ചതെന്ന് പാർവതി തുറന്ന് പറയുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു വെളിപ്പെടുത്തൽ.

പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം :

വർഷങ്ങളോളം ഞാൻ എന്റെ ചിരി അടക്കിപ്പിടിച്ചു. ഞാൻ പുഞ്ചിരിക്കുമ്പോൾ എന്റെ കവിളുകൾ എങ്ങനെ വലുതാകുന്നു എന്നതിനെക്കുറിച്ച് നിരന്തരം അഭിപ്രായം പറയുന്നത് ഉചിതമാണെന്ന് എനിക്കൊപ്പം ജോലി ചെയ്തിരുന്നവർ കരുതിയിരുന്നു.,എനിക്ക് അവർ ആഗ്രഹിക്കുന്നത്ര ആകൃതിയുള്ള താടിയും ഉണ്ടായിരുന്നില്ല. അതോടെ ഞാൻ ചിരിക്കുന്നത് നിർത്തി. തുറന്നു ചിരിക്കാതെ വർഷങ്ങളോളം ഞാൻ മുഖം വിടർത്താതെ പതുക്കെ ചിരിച്ചുകൊണ്ടിരുന്നു.

ജോലിസ്ഥലത്തും മറ്റ് പരിപാടികളിലും ഞാൻ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ തുടങ്ങിയിരുന്നു, കാരണം ഞാൻ കഴിക്കുമ്പോൾ ആഹാരം വെട്ടിക്കുറയ്ക്കണമെന്ന് അവർ എന്നോട് പറയും. അതുകേട്ടാൽ പിന്നെ മറ്റൊന്നും കഴിക്കാൻ എനിക്ക് തോന്നില്ല.

‘ഞാൻ നിങ്ങളെ അവസാനമായി കണ്ടതിലും തടിച്ചോ?’
‘നീ കുറച്ച് മെലിയേണ്ടതുണ്ട്’
‘ഓ, നിന്റെ ഭാരം കുറഞ്ഞു! നല്ലത്! ‘
‘നീ ഡയറ്റിങ് ഒന്നും ചെയ്യുന്നില്ലേ?’
‘ നീ അത്രയും കഴിക്കാൻ പോകുകയാണോ?’
‘നീ കൂടുതൽ കഴിക്കുന്നുണ്ടെന്ന് ഞാൻ നിങ്ങളുടെ ഡയറ്റീഷ്യനോട് പറയും!’
‘മാരിയൻ സിനിമയിലേത് പോലെ മെലിഞ്ഞാലെന്താ?

ഇതൊക്കെ തമാശയായി എടുത്തുകൂടെ? നല്ലതിന് വേണ്ടിയാണു പറഞ്ഞത് എന്ന കമന്റുകൾ ഒന്നും എന്റെ ശരീരം കേട്ടില്ല. ആളുകൾ പറയുന്നതെല്ലാം ശരീരത്തിലേക്ക് എടുക്കുകയും മനസ് ആ കമന്റുകൾ പറയാൻ തുടങ്ങുകയും ചെയ്തു. ഇപ്പോൾ ഞാൻ അതിൽ ഖേദിക്കുന്നു. ഞാൻ എന്നെത്തന്നെ പരിരക്ഷിക്കാൻ എത്ര ശ്രമിച്ചാലും, ഈ വാക്കുകൾ ഒടുവിൽ മനസിലേക്ക് കയറി. വൈകാതെ ഞാൻ ബ്യൂളീമിയയുടെ ഒരു തീവ്രമായ അവസ്ഥയിലേക്ക് എത്തി.

ഇവിടെ എത്താൻ എനിക്ക് വർഷങ്ങൾ എടുത്തു.അതിശയകരമായ ചില സുഹൃത്തുക്കളുടെയും ഫിറ്റ്‌നസ് പരിശീലകന്റെയും തെറാപ്പിസ്റ്റുകളുടെയും സഹായത്തോടെ, ഞാൻ വീണ്ടും തുറന്നു ചിരിക്കാൻ തുടങ്ങി.

ദയവായി ഓരോരുത്തരും അവരവർക്കും മറ്റുള്ളർക്കും ഇടംനൽകുക. നിങ്ങളുടെ തമാശകളും അഭിപ്രായങ്ങളും മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും ഒഴിവാക്കുക. നിങ്ങൾ എത്ര നന്നായി ‘ഉദ്ദേശിച്ചാലും അത് പറയാതിരിക്കുക. സുഖം പ്രാപിക്കുന്ന എല്ലാവർക്കും, പുഞ്ചിരിക്കുന്നതിന് നന്ദി!

മറ്റൊരു വ്യക്തിയുടെ ശരീരത്തെ കുറിച്ച് നാം നിസാരമായി പറയുന്ന പല പരാമർശങ്ങളും ആ വ്യക്തിയെ വലിയ മാനസികസംഘർഷത്തിലേക്കാണ് തള്ളിവിടുന്നതെന്ന് ഇത്തരക്കാർ ആലോചിക്കാറുണ്ടോ എന്ന് സംശയമാണ്.

Story Highlights: parvathy about bulimia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here