ആഷസിനുള്ള ഇംഗ്ലണ്ട് ടീമിനെ ഞായറാഴ്ച പ്രഖ്യാപിക്കും

വരുന്ന ആഷസ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ നാളെ പ്രഖ്യാപിക്കും. 17, 18 അംഗങ്ങൾ ഉൾക്കൊള്ളുന്ന സ്ക്വാഡിനെയാവും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിക്കുക. മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാല ഇടവേളയെടുത്ത ഓൾറൗണ്ടർ ബെൻ സ്റ്റോക്സും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പേസർ ജോഫ്ര ആർച്ചറും ടീമിൽ ഉൾപ്പെട്ടേക്കില്ല. (England Full Ashes Squad)
അതേസമയം, ടി-20 ലോകകപ്പിനുള്ള പാകിസ്താൻ ടീമിൽ മുതിർന്ന താരം ഷൊഐബ് മാലിക്കിനെ ഉൾപ്പെടുത്തി. പരുക്കേറ്റ് പുറത്തായ ഷൊഹൈബ് മസ്ദൂഖിന് പകരക്കാരനായാണ് മാലിക് ടീമിലെത്തിയത്. 39കാരനായ ഷൊഐബ് 2007 ടി-20 ലോകകപ്പിൽ പാകിസ്താനെ നയിച്ച താരമാണ്. അക്കൊല്ലം ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെടുകയായിരുന്നു.
നേരത്തെ മുൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദ് അടക്കം മൂന്ന് താരങ്ങളെ പിസിബി ടീമിൽ ഉൾപ്പെടുത്തിയിരുന്നു. സർഫറാസിനൊപ്പം ഓപ്പണർ ഫഖർ സമാൻ, ബാറ്റർ ഹൈദർ അലി എന്നിവരാണ് ടീമിൽ ഇടം നേടിയത്. ഫഖർ റിസർവ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന തരമാണ്. പകരം ഓൾറൗണ്ടർ ഖുശ്ദിൽ ഷായെ റിസർവ് ലിസ്റ്റിലേക്ക് മാറ്റി. മുൻ പാക് താരം മോയിൻ ഖാൻ്റെ മകൻ അസം ഖാൻ, പേസ് ബൗളർ മുഹമ്മദ് ഹസ്നൈൻ എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്. അസം ഖാനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17നാണ് ആരംഭിക്കുക. ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Story Highlights: England Full Strength Ashes Squad