മകന്റെ തെറ്റിന് ജാക്കിചാന്‍ ക്ഷമാപണം നടത്തിയിരുന്നു; ആര്യന്‍ ഖാന്റെ കേസില്‍ പ്രതികരിച്ച് കങ്കണ റണാവത്ത്

ആര്യന്‍ ഖാന്റെ അറസ്റ്റില്‍ ജാക്കി ചാനെ ഓര്‍മപ്പെടുത്തി നടി കങ്കണ റണാവത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കങ്കണയുടെ ഓര്‍മപ്പെടുത്തല്‍. ബോളിവുഡ് മുഴുവന്‍ ആര്യനെ പിന്തുണയ്ക്കുകയാണെന്നും മഹത്വവത്ക്കരിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി.
2014ല്‍ ലഹരുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഹോളിവുഡ് ആക്ഷന്‍ താരം ജാക്കിചാന്റെ മകന്‍ ജെയ്‌സി ചാന്‍ അറസ്റ്റിലായിരുന്നു. ആറുമാസത്തെ ജയില്‍വാസത്തിന് മകന്‍ ശിക്ഷിക്കപ്പെട്ടതോടെ പരസ്യമായി ക്ഷമാപണം നടത്തി ജാക്കിചാന്‍ രംഗത്തെത്തിയിരുന്നു. മകന്റെ പ്രവൃത്തിയെ കുറ്റപ്പെടുത്തിയ ജാക്കിചാന്‍ മകനെ സംരക്ഷിക്കില്ലെന്നും പറഞ്ഞു.
ബെയ്ജിംഗിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ സുഹൃത്തുക്കളുമായി നടത്തിയ ലഹരിപാര്‍ട്ടിയും കഞ്ചാവ് വില്‍പ്പന നടത്തിയതുമാണ് ജെയ്‌സി ചാന്റെ അറസ്റ്റിനുവഴിവെച്ചത്. #justsaying എന്ന ഹാഷ് ടാഗോടെയാണ് കങ്കണ ജാക്കിചാന്റെ വിഷയം ഷെയര്‍ ചെയ്തത്.
ബോളിവുഡ് സൂപ്പര്‍ താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരി കേസില്‍ അറസ്റ്റുചെയ്തതിനെയും പിതാവ് ഷാറുഖിന്റെ നിലപാടിനെയും കങ്കണ വിമര്‍ശിക്കുന്നുണ്ട്. ‘നമ്മളെല്ലാവരും തെറ്റുചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരെ മഹത്വവല്‍ക്കരിക്കരുത്. ആര്യന്‍ ഖാന് പ്രതിരോധമൊരുക്കാനാണ് എല്ലാ മാഫിയാ പപ്പുകളും ശ്രമിക്കുന്നത്. താന്‍ ചെയ്ത തെറ്റ് ആര്യന് മനസിലാക്കാന്‍ ഈ നടപടി സഹായിക്കട്ടെ. കുറച്ചുകൂടി നല്ല വ്യക്തിയായി മാറാനും കഴിയട്ടെ. കങ്കണ പ്രതികരിച്ചു.

Read Also : ആ കണ്ണുനീർ സ്വീകരിക്കുന്നു; സത്യമോ വ്യാജമോ ആയികൊള്ളട്ടെ; മോദിയെ പിന്തുണച്ച് കങ്കണ
താരങ്ങളായ ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ ആര്യന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.
Story Highlights: kangana ranaut, aryan khan’s arrest