‘ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വിളിച്ചു; അതായിരുന്നു അവസാന കോൾ’: ഫാസിൽ

അന്തരിച്ച നടൻ നെടുമുടി വേണുവിനെ അനുസ്മരിച്ച് സംവിധായകൻ ഫാസിൽ. തനിക്ക് നഷ്ടമായത് അടുത്ത സുഹൃത്തിനെയെന്ന് ഫാസിൽ പറഞ്ഞു. ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നെടുമുടി വേണു തന്നെ വിളിച്ചിരുന്നു. അതായിരുന്നു അവസാന കോളെന്നും ഫാസിൽ പറഞ്ഞു.
ആശുപത്രിയിലേക്ക് പോയ ദിവസം രാവിലെ എട്ട് മണിയോടെയാണ് വേണുവിന്റെ കോൾ വന്നത്. അപ്രതീക്ഷിതമായുള്ള കോൾ കണ്ടപ്പോൾ താനും അതിശയിച്ചു. എന്താ രാവിലെ വിളിച്ചതെന്ന് ചോദിച്ചപ്പോൾ ചുമ്മാ വിളിച്ചതാണെന്നായിരുന്നു മറുപടി. വേറെയൊന്നുമില്ലല്ലോ, പിന്നെ വിളിച്ചോളാം എന്നു പറഞ്ഞ് കോൾ കട്ട് ചെയ്തു. അതായിരുന്നു തങ്ങൾ തമ്മിലുള്ള അവസാന സംഭാഷണമെന്നും ഫാസിൽ പറഞ്ഞു.
പിന്നീട് അറിയുന്നത് വേണുവിന്റെ നില ഗുരുതരമാണെന്നാണ്. ഇന്നലെ രാത്രി പത്ത് മണിയോടെ വേണുവിന്റെ ഫോണിൽ നിന്ന് ഒരു കോൾ കൂടി വന്നു. അത് തന്നെ ആകുലപ്പെടുത്തിയെന്നും ഫാസിൽ കൂട്ടിച്ചേർത്തു.
Story Highlights: fazil on nedumudi venu death