മോന്‍സണ്‍ വിഷയം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം; അന്വേഷണം പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

സാമ്പത്തിക തട്ടിപ്പുകേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുക്കള്‍ വ്യാജമാണോ എന്നുപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ വീട്ടില്‍ പോകാനുണ്ടായ സാഹചര്യം വ്യക്തമല്ല. സന്ദര്‍ശനത്തിനുശേഷം ഡിജിപിക്ക് പുരാവസ്തുക്കളെ കുറിച്ച് തോന്നിയ സംശയംമൂലമാണ് ഇ.ഡിക്ക് കത്തയച്ചത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
‘മോന്‍സണിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ പുരാവസ്തുവാണോ അല്ലയോ എന്ന് പറയേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തി ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. തട്ടിപ്പിന് ആരെങ്കിലും കൂട്ടുനിന്നോ എന്നത് ഗൗരവതരമായി കാണും. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ ചെമ്പോല സംബന്ധിച്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ അന്വേഷണത്തിന്റെ അവസാനത്തോടെ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും അപ്പോള്‍ നടപടി സ്വീകരിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
Read Also : സാമ്പത്തിക തട്ടിപ്പില്‍ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി
ചെമ്പോല പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്കെതിരെ നടപടിയെടുക്കുമോ എന്ന പ്രതിപക്ഷ ചോദ്യത്തിന് ചെമ്പോല വ്യാജമാണെന്ന് ഏറെക്കുറെ വ്യക്തമായെന്നും ഇത് ആധികാരിക രേഖയാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ബാക്കി കാര്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
Story Highlights: pinarayi vijayan at niyamasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here