‘സൂരജിന് കുറ്റബോധമേ ഉണ്ടായിരുന്നില്ല’; ഡിവൈഎസ്പി അശോകൻ ട്വന്റിഫോറിനോട്

കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിന് കുറ്റബോധമേ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി അശോകൻ. പിടിക്കപ്പെടില്ല എന്ന മനോഭാവമായിരുന്നു സൂരജിന് ഉണ്ടായിരുന്നതെന്ന് ഡിവൈഎസ്പി അശോകൻ പറയുന്നു. ( sooraj didn’t feel guilty )
തെളിവുകൾ നിരത്തിയപ്പോൾ പ്രതിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നതാണെന്നാണ് അന്വേഷണ സംഘ ഉദ്യോഗസ്ഥൻ പറയുന്നത്. കൊലപാതകം ചെയ്ത രീതി തന്നെയാണ് കേസ് ഏറ്റെടുത്തപ്പോൾ ഉണ്ടായ ഏറ്റവും വലിയ വെല്ലുവിളിയെന്നും ഡിവൈഎസ്പി ചൂണ്ടിക്കാട്ടി. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഡി.വൈ.എസ്.പി ആയിരുന്ന അശോകൻ ട്വന്റിഫോറിനോട് പറഞ്ഞു.
കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ പ്രത്യേകതകൾ ഏറെയുള്ള കേസാണ് ഉത്ര വധക്കേസ്. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോൾ വിധി പറയുന്നത്. 87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകൾ. ഇത്രയുമാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്.
ആയുധവും സാക്ഷിയും ഇല്ലാത്ത കൊലപാതകം എന്നതായിരുന്നു ഉത്രാ കേസിന്റെ പ്രത്യേകത. ആ കൊലപതകത്തിൽ ചെറു തെളിവിന്റെ പോലും അഭാവം പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ആകരുതെന്ന വാശിയോടെ അന്വേഷണ സംഘം നടത്തിയ ചടുല നീക്കങ്ങളാണ് നിർണായകമായത്. അന്നത്തെ കൊല്ലം റൂറൽ എസ്പി ആയിരുന്ന ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകനാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Read Also : ആയുധവും സാക്ഷിയും ഇല്ലാത്ത കൊലപാതകം; ഉത്രാ കേസിന് പ്രത്യേകതകൾ ഏറെ
കേസിൽ ആദ്യം ദുരൂഹത കണ്ടെത്തിയത് അഞ്ചൽ പൊലീസ് ആണ്. പിന്നാലെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ആയുധം ഇല്ലാത്ത കേസിൽ മൂർഖൻ പാമ്പിനെ ആയുധമായി പരിഗണിച്ചു. തല്ലിക്കൊന്ന് അഞ്ചലിലെ ഉത്രയുടെ വീട്ടുപറമ്പിൽ കുഴിച്ചിട്ട മൂർഖൻ പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പാമ്പിന്റെ നീളം 152 സെന്റിമീറ്ററും വിഷപ്പല്ലിന്റെ നീളം 0.6 സെന്റിമീറ്ററുമാണെന്ന് കണ്ടെത്തി. പിന്നീട് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ വിദഗ്ദ്ധന്മാരുമായി പല തവണ ചർച്ച നടത്തി.
നിർണായകമായത് ഡമ്മി പരിശോധന
കേസിൽ ഏറ്റവും ബുദ്ധിപരമായ നീക്കമായി കണക്കാക്കുന്നത് മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധനയാണ്. സ്വാഭാവികമായി 150 സെ.മി ഉള്ള ഒരു മൂർഖൻ പാമ്പ് കടിച്ചാൽ 1.7 സെ.മി മുതൽ 1.8 സെ.മി വരെ മാത്രമേ മുറിവുണ്ടാകൂ. എന്നാൽ ഉത്രയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് 2.3 സെ.മിന്റെയും 2.8 സെ.മിന്റെയും രണ്ട് മുറിവുകളാണ്. പാമ്പിനെ ബലമായി പിടിച്ചു കൊത്തിച്ചാൽ ഇത്രയും ആഴത്തിലുള്ള മുറിവ് ഉണ്ടാകുമെന്ന് തെളിയിച്ചത് ഈ ഡമ്മി പരിശോധനയിലൂടെയാണ്.
സുരേഷിനെ മാപ്പുസാക്ഷിയാക്കി
സാക്ഷികൾ ഇല്ലാത്ത കേസിൽ സൂരജിന് പാമ്പിനെ വിറ്റ പാമ്പുപിടുത്തക്കാരൻ ചിറക്കര സുരേഷിനെ മാപ്പുസാക്ഷിയാക്കിയത് മറ്റൊരു ബുദ്ധിപരമായ നീക്കം. സുരേഷിന്റെ മൊഴി നിർണായകമായി. സ്വാഭാവിക ജാമ്യം നിഷേധിക്കാൻ റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതാണ് മറ്റൊരു നേട്ടം. പ്രതിയെ അറസ്റ്റ് ചെയ്തു എൺപത്തിരണ്ടാം ദിവസമാണ് കോടതിയിൽ കുറ്റപത്രം എത്തിയത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അംഗീകാരങ്ങൾക്കൊപ്പം പൊലീസ് വിദ്യാർത്ഥികൾക്കുള്ള സിലബസിലും അന്വേഷണം ഇടം പിടിച്ചു.
കേസിന്റെ നാൾ വഴികൾ
2018 മാർച്ച് 25 ഉത്രയുടേയും സൂരജിന്റേയും വിവാഹം
2020 മാർച്ച് 2 അടൂരിലെ വീട്ടിൽ വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേൽക്കുന്നു
2020 മാർച്ച് 2 2020 ഏപ്രിൽ 22 ഉത്ര തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
ഏപ്രിൽ 22 ആശുപത്രിയിൽ നിന്ന് അഞ്ചലുള്ള ഉത്രയുടെ വീട്ടിലേക്ക്
മെയ് 6 വൈകുന്നേരം സൂരജ് ഉത്രയുടെ വീട്ടിലേക്ക്
മെയ് 7 ഉത്രയുടെ മരണം
മെയ് 7 അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
മെയ് 12 പൊലീസ് നടപടി ശക്തമാക്കണമെന്ന ഉത്രയുടെ വീട്ടുകാരുടെ ആവശ്യം
മെയ് 19 റൂറൽ എസ് പി ഹരിശങ്കറിന് വീട്ടുകാരുടെ പരാതി
മെയ് 25 സൂരജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു, വൈകുന്നേരത്തോടെ അറസ്റ്റ്
ജൂലൈ 30 മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന
ഓഗസ്റ്റ് 14 അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായി. കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവർത്തിച്ചു പറഞ്ഞു. സർക്കാർ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹൻരാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.
Story Highlights: sooraj didn’t feel guilty